അന്ധകവിത
=============
അന്ധനായ എന്നേ കുറിച്ചുള്ള
നിൻടെ കവിതകൾ അന്ധൻ
ആനയെ കണ്ട പഴങ്കഥ
ഓർമ്മിപ്പിക്കുന്നു .
നീ അന്ധനെ എഴുതുമ്പോൾ
എങ്ങിനെയോ അവിടേക്കു
കൂരിരുട്ടു എത്തുന്നു.
പിന്നെ അവിടേക്കു ഇത്തിരി
നിലാവിനെ നീ കൊണ്ടുവരുന്നു.
ഇത്തിരി വെട്ടം എവിടെയോ ആയി
പിന്നെ നീ ഇറ്റുന്നു.
നിൻടെ കണ്ണിൽ ഞങ്ങൾ അന്ധർ,
വെളിച്ചത്തെ പ്രണയിക്കും കാമുകർ.
സുഖ ദുഃഖ തലങ്ങളിൽ മാത്രം
നീ ഞങ്ങളെ തിരയുന്നു.
നിങ്ങൾ കവികൾ അതി ക്രൂരർ.
പട്ടിണിയെ കുറിച്ചോ വിശപ്പിനെ
കുറിച്ചോ എഴുതുമ്പോൾ നിങ്ങൾ
അവിടേക്കു ദൈവത്തെയോ
രാഷ്ട്രീയത്തെയോ സ്വപ്നത്തെയോ
കൊണ്ടുവരുന്നു.
പട്ടിണിക്കാർക്ക്
കുടത്തിൽ അടച്ച വെള്ളത്തെ നിങ്ങൾ
സ്വപ്നം കാണിപ്പിക്കുന്നു.
വികലാംഗരെ എഴുതുമ്പോൾ
എപ്പോളും നിങ്ങൾ കരച്ചിലിനെ പറ്റി
പറയുന്നു.
പൂവിനെ പറ്റി, പിന്നെ
ഉദയത്തെ പറ്റി പറയുന്നു.
യുദ്ധത്തെ കുറിച്ച് എഴുതുമ്പോൾ
യുദ്ധഭൂമിയിലേ ചോരക്ക്
സുഗന്ധം ആണെന്നും ചുവപ്പ് കൂടുമെന്നും
നിങ്ങൾ എഴുതി വക്കുന്നു.
യുദ്ധത്തെ രാജ്യസ്നേഹവുമായി
നിങ്ങൾ പെട്ടെന്ന് ബന്ധിപ്പിക്കുന്നു.
യുദ്ധം ചെയ്യുന്നവൻടെ മനസ്സിൽ
നാടൻ പാട്ടുകൾ ആണെന്ന് നിങ്ങൾ
എഴുതി വക്കുന്നു.
നിങ്ങൾ കവികൾക്കെല്ലാം
രതി ചിത്രങ്ങൾ -
അവ അളവിലും തൂക്കത്തിലും
ആരും അറിയാതെ
മാറ്റി മാറ്റി നിങ്ങൾ എഴുതുന്നു.