സാധാരണക്കാരൻ മാതായിയുടെ ഒരു ദിവസം
ദിവസം തുടങ്ങുന്നത്
എപ്പോളെന്നു മാതായിക്ക്
അറിയില്ല.
ആറിനും പതിനൊന്നിനും
ഇടക്ക് പായയിൽ നിന്ന്
എണീക്കുമ്പോൾ ആയിരിക്കും അത്.
എങ്ങനെ ആണ് ജീവിക്കുന്നത്
എന്നും മാതായിക്കറിയില്ല.
ഉരുണ്ടും പിരണ്ടും ഇഴഞ്ഞും
പിണഞ്ഞും അലിഞ്ഞും
മറിഞ്ഞു തിരിഞ്ഞും
ഒരു കാക്കയെപ്പോലെയോ
ഒരു പന്നിയെപ്പോലെയോ
ഒരു ചാക്കട പോലെയോ
ഒക്കെ മാതായി ജീവിക്കുന്നു.
ആരൊക്കെയാണ് ഉള്ളത്
എന്ന് മാതായി ക്കറിയില്ല..
പെണ്ണിനെ പോലെയോ ആണിനെ
പോലെയോ കുഞ്ഞിനെ പോലെയോ
ഒക്കെ ഉള്ള ചിലർ ചിരിച്ചും തുപ്പിയും
കുത്തിയും മാന്തിയും ഒട്ടിയും
ഇടക്ക് കൂടെ കൂടുന്നു.
എങ്ങനെ ആണ് മരിച്ചതെന്നും
മാതായിക്കറിയില്ല.
വെടിയേറ്റോ അടിയേറ്റോ
വിശപ്പേറ്റൊ ചവുട്ടേറ്റോ
ഒക്കെ അത് ഉണ്ടായി.
ചുറ്റും ഉള്ള ആരെയും മാതായി
നോക്കാറില്ല..
അവർ കരുതുന്നത് അവർ
അസാധാരണർ ആണെന്നാണ്!