പാടത്തെ പന്ത് കളി
=================
പാടത്തെ പന്ത് കളി
കാണാൻ ആളില്ല.
എല്ലാരും കളിക്കാർ.
പാടത്തെ പന്ത് കളിക്ക്
റഫറി ഇല്ല.
റഫറി മഹാനായ ദൈവം.
പാടത്തെ പന്ത് കളിക്ക്
സമയം ഇല്ല.
ഒന്നുകിൽ രാവിലെ മുതൽ
ഉച്ചവരെ വരെ.
അല്ലെങ്കിൽ ഉച്ച മുതൽ
രാത്രി വരെ.
നിലാവുള്ള രാത്രികളിൽ
കളി നിൽക്കില്ല.
ഒരു വിശപ്പിനും
അടുത്ത വിശപ്പിനും ഇടക്ക്
അത് നടക്കുന്നു.
പാടത്തെ പന്ത് കളിക്കാർക്ക്
പരിക്ക് പറ്റാറില്ല.
-പറ്റിയാൽ അവർ
അതറിയാറില്ല.
പാടത്തെ പന്ത് കളിക്കാർ
ഇടക്ക് ചവിട്ടാറുണ്ട്, മാന്താറുണ്ട്.
തല്ലാറുണ്ട്, തെറി പറയാറുണ്ട്.
നോട്ടം മുഴുവനും പന്തിൽ
ആയാതിനാൽ പാടത്തെ
പന്ത് കളിക്കാർ
അത് കാര്യമാക്കാറില്ല.
പാടത്തെ പന്തിലെ തുന്നിയ
ഭാഗങ്ങളിൽ നിന്ന് ഇടക്ക്
ബ്ലേഡ്ഡർ തുറിച്ചു നിൽക്കാറുണ്ട്.
- അപ്പോൾ കളിക്കാർ പന്ത്
വീണ്ടും തുന്നിക്കൂട്ടാൻ
ശ്രമിക്കുന്നു.
പാടത്തെ പന്ത് ചെന്ന് വീഴുന്ന
പോസ്റ്റിനെ
സ്വർഗ്ഗം എന്നാണ് പറയാറ്.
ആകാശം മുഴുക്കെയായി
സ്വർഗ്ഗം
പരന്നു കിടക്കുന്നു.
പാടത്തിൽ ഇടക്കായി
കിണറോ തെങ്ങോ കന്നു
കലികളോ ഉണ്ടാകാറുണ്ട്.
പാടത്തെ പന്തുകളിയിൽ
അവയും പങ്കെടുക്കുന്നു.
പാടത്തെ പന്ത് കളി
ഒരവേശമാണ്.
-പിന്നീട് എവിടെ നിന്നും
കിട്ടാൻ ഇടയില്ലാത്ത
മതിയാവോളം കളിച്ചു
തീർക്കേണ്ട ഒരാവേശമായി
പാടത്തെ കളി തുടരുന്നു.
No comments:
Post a Comment