കേൾവി മാത്രമുള്ള പെണ്ണുംപിള്ള
എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.
കാണാത്ത അകലത്തിലിരുന്നു
അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.
കണ്ണിൽ കയറികൂടിയ വലിയ
പാറക്കല്ലുകളെ കുറിച്ച്,
വെടിക്കെട്ട് ശബ്ദത്തിൽ മുഴുങ്ങിയ
ഡ്രം ബീറ്റിൽ ചോര ചീറ്റിയ ചെവിടിനെ
ക്കുറിച്ച്,
ശ്വാസം വലിച്ചു കയറ്റാൻ കഴിയാത്ത
ബഫൂൺ മൂക്കിനെ കുറിച്ച്,
വാക്കുകൾ കയറി കയറി
ഒരു ശബ്ദം മാത്രമായ വായെക്കുറിച്ച്,
പല കാര്യങ്ങൾ ഒരേ സമയം
ചിന്തിക്കുന്ന തലയെക്കുറിച്ച്,
ആളുകൾ ശരീരത്തിലേക്കു
അടിച്ചു കയറ്റിയ അണികളുടെ എണ്ണത്തെ കുറിച്ച്,
പൊടിഞ്ഞു തുളഞ്ഞപുകഞ്ഞശ്വാസകോശത്തെ
കുറിച്ച്
വീർത്തു നിന്ന വയറിനകത്തെ
സുഗന്ധം പുറപ്പെടുവിയ്ക്കുന്ന
റേഷൻ അരിമണിയെ കുറിച്ച്
സന്തോഷം കൊണ്ട് മാത്രം വലിയ ലോകത്തെ നേരിട്ട
ഇരുമ്പ്ഹൃദയത്തെ കുറിച്ച്
നാലുകാലിലും ഇഴഞ്ഞും ആയി
,ചാടിയ, കയറിയ
നിക്കാത്ത എരിപൊരി ഓട്ടങ്ങളെ
കുറിച്ച്...........
എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.
കാണാത്ത അകലത്തിലിരുന്നു
അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.
No comments:
Post a Comment