ഘട്ടം
-----------------
മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്
പതിനഞ്ചാം വയസ്സിലെ
വാഹനാപകടത്തിലാണ്
ഒരു കാൽമുട്ട് മരിച്ചത്
ഇരുപതാം വയസ്സിലെ
പ്രണയത്തിലാണ് അല്ലെങ്കിൽ
നിങ്ങൾ പറയും വിഭ്രമത്തിലാണ്
തലച്ചോറിലെ പല കോശങ്ങളും
ചത്തത്
ചിലവ ഉന്മാദത്തിലെത്തിയതും
ഇരുപത്തിമൂന്നിലാണല്ലോ
ലൈംഗീഗാവയവം ചത്തെന്നു
നിങ്ങൾ കിനാവ് കണ്ടത്
അമ്പതിൽ ആണല്ലോ ഹൃദയത്തിൻടെ
ഒരു ഭാഗം തടയപ്പെട്ടെന്നു
ഡോക്ടർ സൂക്ഷ്മദർശനത്തിലൂടെ
അവകാശപ്പെട്ടത് .
മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്
കാഴ്ചയും കേൾവിയും
പല്ലും ആദ്യം മരിക്കും
കാഴ്‌ച മരിച്ച അന്ന്
സ്വന്തം പേരിൽ
ഒരു റീത്തു വാങ്ങി വെറുതെ
നെഞ്ചിൽ വച്ചാലോ ?
കേൾവി മരിക്കും മുന്നേ കുറച്ചു
അന്ത്യപ്രാർത്ഥന നല്ലതു തന്നെ .
പല്ലുകൾ ഉതിരും
മുന്നേ ,,,,,,,,
മരണം സംഭവിക്കുന്നത്
ഘട്ടങ്ങളായാണ്
നിങ്ങൾ കരുതുന്നത് ശ്വാസം
നില്ക്കുമ്പോള് ആണ്
മരണം എന്നാണ്
അതാണല്ലോ നിങ്ങൾ അന്ന്മാത്രം
എല്ലാ തിരക്കും മാറ്റി വച്ച്
എൻടെ തലയിലെ മുണ്ടു
പൊക്കി നോക്കി എന്നെ കാണാൻ
വരുന്നത് .
എനിക്കായി ഒരു ശ്മശാനത്തിൽ
ഒരു ഇടം കുറച്ചു നേരത്തേക്ക്
മാത്രമായി ബുക്ക് ചെയ്യുന്നതും ........
No comments:
Post a Comment