പിച്ചാത്തി
----------------------------------------------------------
തിളക്കവും മൂർച്ചയും ഉള്ള
പിച്ചാത്തികളാലാണ്
ഒരു നട്ടപ്പാതിരക്കായ്
അവർ കൊക്കി പ്പാറിയതും
കൊത്തി അമർന്നതും
വെട്ടി മാറിയതും-
കുത്തിപ്പറിച്ചതും .
അവരവൻടെ പള്ള കുത്തി
കൊടൽ പിരിച്ചപ്പോളാണ്
ഭൂഗോളത്തിൽ ,എവിടെയോ
ഉള്ള ഒരു ഗർഭപാത്രത്തിലെ
ഒരു ചോരക്കുഞ്ഞു
ആകാശം പിളർന്നു കരഞ്ഞത് ,
അവൻടെ നട്ടെല്ലിൽ നിന്ന്
പിച്ചാത്തി വലിച്ചൂരി
ചോരക്കുഴൽ ചീറ്റിച്ചപ്പോൾ
ആണ് ഞാന്നു തൂങ്ങിയ
മുലകളും ഒട്ടിയ വയറും
ഉള്ള ഒരു മുത്തശ്ശിയുടെ
ഭൂമിയിലെ ഏറ്റവും
വലിയ നിഷ്കളങ്കതയിൽ
ഒന്നായ കണ്ണുകൾ ഘനീഭവിച്ചു
ചോരവീർത്തതും - നട്ടെല്ല്
വളഞ്ഞു കൂമ്പി തിരിഞ്ഞതും
അവർ അവൻടെ തലച്ചോറ്
കൊണ്ടു നിലത്തു ഒരു
കറുത്ത ചോരപ്പൂക്കളം
രചിക്കപ്പോളാണ് അതിലെ
പൂക്കൾക്ക് അവരുടെ വീട്ടിലെ
സുന്ദരികളായ സ്ത്രീകളുടെ
ആർത്തവ രക്തത്തിൻടെ
ചൂര് പിടിച്ചതും -രുചിച്ചതും -
അവർ അവൻടെ കയ്യും
കാലും വിരലും മൂക്കും
നഖവും ചതച്ച ഇന്ദ്രിയവും
മണ്ണിലേക്ക് കഷ്ണം വെട്ടി
എറിഞ്ഞപ്പോളാണ്
മണ്ണിലെ ഒരു നീരുറവ
നിലച്ചത്, നിലാവ് പിളർത്ത്
ഒരു കൂമ്പ് ഒടിഞ്ഞത്
ഒരു മണ്ണിര നാലെണ്ണമായത് .
ഒരു കൊലപാതകം നടത്തി
അവർ പിരിഞ്ഞു പോയപ്പോളാണ്
കൊന്നയാളുടെ കയ്യും കാലും
കണ്ണും കൊടലും കഴുത്തും
തലയും ഉറുമ്പുകൾ
ഒരു ജാഥ തീർത്തു
ഒന്നിച്ചു ചേർത്തത്
അങ്ങനെ അവൻടെ പല്ലുകൾ
ഒന്നിപ്പിച്ചു തുന്നി ചേർത്തപ്പോൾ
ആണ് അതിൽ ഒരിളിപ്പുണ്ടായത്
തൊണ്ട തുന്നിയപ്പോൾ അതിൽ
നിന്നൊരു ചെറു ഓളിയും
അപ്പോൾ തന്നെയാണ്
ഏതോ ഒരമ്മ സ്വന്തം
മകനെ കുറിച്ചുള്ള
ഒരു സുന്ദര സ്വപ്നം കണ്ടതും
അവർ കിടന്നിരുന്ന പായ
അവരുടെ ഗർഭപാത്രത്തോടൊപ്പം
ഒന്ന് തുടിച്ചതും 'കൈകൾ
ഒരു താരട്ടീണം പിടിച്ചതും -
ചുണ്ട് വിടർന്നതും ,
ഒരു കൊലപാതകത്തിൻടെ
കഥ അന്വേഷിച്ചാണ്
അവർ പിച്ചാത്തി തിരഞ്ഞത് -
അത് ആയിരം ശവങ്ങൾക്കിടയിൽ
സുരക്ഷിതനാകയാൽ ആയിരിക്കേണം
അവർ അതിനെ കണ്ടില്ല എന്ന്
രേഖപ്പെടുത്തിയേക്കാൻ പോകുന്നത് ,-