ആത്മഹത്യക്ക് മുമ്പേ അവൾക്കു പറയാനുള്ളത്.
-----------------------------------------------
അവൾക്കു ആത്മഹത്യക്കു മുമ്പേ
എന്തൊക്കെയോ പറയാനുണ്ടാകും
എന്നാണ് ഞാൻ കരുതിയത്.
കണ്ണിലെ ദയയെ ക്കുറിച്ച്.
അരുവികൾക്ക് മുകളിൽ വീശും
ഇളം കാറ്റിൽ ആടിയും ചരിഞ്ഞും
പറക്കുന്ന കിളികളെ കുറിച്ച്.
ലാഭ നഷ്ട രൂപത്തിൽ അല്ലാതെ
മനസ്സിൽ സ്ഥിരമായി ശേഖരിക്കപ്പെടും
ഓർമ്മകളെ കുറിച്ച്.
നിശബ്ദതയുടെ സൗന്ദര്യത്തെ കുറിച്ച്.
പ്രണയം മൂത്തു കലങ്ങി
നിറഞ്ഞ ഉന്മാദ മനസ്സുകളെ കുറിച്ച്.
അവളുടെ ചെറിയ മുഖം വെട്ടിക്കലുകളെ
കുറിച്ച്,
അപ്പോൾ അവളുടെ കണ്ണിന്നുണ്ടാവും
ആഴ വ്യത്യാസങ്ങളെ കുറിച്ച്.
ഇല്ലായ്മയിലെ സന്തോഷങ്ങളെ
കുറിച്ച്.
ഇണ ചേരാതിരിക്കുന്നതിന്റെ
വിഡ്ഢിത്തത്തെ കുറിച്ച്.
നനചീരുകളെ കുറിച്ച്.
മേഘത്തെ കുറിച്ച്.
ധ്യാന ലയനത്തെ കുറിച്ച്.
ശരിത്തെറ്റ് തമാശകളെ കുറിച്ച്.
ജീവിതം ചില കളി നിയമങ്ങൾക്ക്
അകത്താണെന്നുള്ള അബദ്ധ ധാരണയെ
കുറിച്ച്..
കണ്മഷിയെ കുറിച്ച്, ചാന്തിനെ കുറിച്ച്
നീല കുപ്പിവളകളേ കുറിച്ച്, സ്വർണ്ണ മൂക്കുത്തിയെ കുറിച്ച്, വെള്ളി പാദസരങ്ങളുടെ കിലുക്കത്തെ കുറിച്ച്.
കടലോരത്തെ വെള്ളം പറ്റിയ
മണൽ തരികളിലെ രുചിച്ചു നോക്കാത്ത
ഉപ്പിനെ കുറിച്ച്..
ഒരു കോടി ഒറ്റചേർന്ന് നിൽക്കും
സമൂഹത്തെ കുറിച്ച്..
ആത്മഹത്യക്കുമുമ്പേ അവൾക്കു
എന്നോട് എന്തൊക്കെയോ
പറയാനുണ്ടാകും എന്നാണ് ഞാൻ
കരുതിയത്.
(എന്റെ.. ആ...)
No comments:
Post a Comment