സ്വർഗ്ഗത്തിലെ കളി
==================
മരണം മറഡോണയെ തേടി
എത്തുമ്പോൾ അദ്ദേഹം
ഫുട്ബോൾ കളിക്കുകയാണ്.
ആരാധകരും ഫുട്ബോൾ
നിയമങ്ങളും
മരണത്തെ കളത്തിന്
പുറത്തിരുത്തി.
കളി കണ്ടു തരിച്ചു
നിന്ന മരണത്തെ
ഫുട്ബോൾ ദൈവം
കൂടെ കളിക്കാൻ ക്ഷണിച്ചു.
തന്റെ അളവറ്റതും
അഭൗമവും അസാധാരണവും അതിശയകരവും
ആയ ശക്തി മുഴുവനും
എടുത്തു മറഡോണക്കെതിരെ
ഫുട്ബോൾ കളിച്ച
മരണം
ആ കളിയിൽ
നാല് ഒന്നിന്
തോറ്റു.
ശരിയാണ്.. നീ അടിച്ച
മൂന്ന് ഗോളുകൾ
അടക്കം ഞാൻ നാല് ഒന്നിന് തോറ്റിരിക്കുന്നു.
സ്വർഗ്ഗത്തിലെ ഫുട്ബോൾ
ആണ് നീ ഭൂമിയിൽ
കളിക്കുന്നത്.
ഫുട്ബോൾ കളത്തിൽ
വച്ചു നിന്നെ
കൊണ്ടുപോകാൻ ആകില്ല.
ഞാൻ കളത്തിന്നു
പുറത്തു കാത്തു
നിൽക്കുന്നു.
മരണം കിതച്ചു
കൊണ്ട് പറഞ്ഞു.
മൂന്നല്ല.. ഞാൻ നാല്
ഗോളുകൾ അടിച്ചിട്ടുണ്ട്
ഒരു ഗോൾ താങ്കൾ
കാണാത്തതു ആണ്.
മറഡോണ ചിരിച്ചു
മരണത്തോട് പറഞ്ഞു.
ആരാധകരോട് കൈവീശി
വിടപറഞ്ഞു
മറഡോണ കളത്തിന്ന്
പുറത്തെത്തി
മരണത്തെ ചുംബിച്ചു.
(അപ്പോളേക്കും മരണം
മറഡോണയുടെ
മറ്റൊരു ആരാധകൻ
ആയി മാറിയിരുന്നു.)
======================
Nb :-കടുത്ത മറഡോണ ആരാധകൻ ആയ ഞാൻ ഈ വരികൾ എഴുതിയത് അദ്ദേഹം മരിച്ചു എന്നറിഞ്ഞ അടുത്ത പത്തു മിനിറ്റിനുള്ളിലാണ്. എന്നാൽ നിർ ഭാഗ്യവശാൽ ഈ എഴുത്തു എന്റെ കയ്യിൽ നിന്നും പോയി. വർഷങ്ങൾക്കു ശേഷം ഇന്ന് അതിന്റെ ആശയം ഓർമ്മയെ തേടി അറിയാതെ എത്തി. അത് ഏതാണ്ട് അന്ന് എഴുതിയ പോലെ പുനർജനിച്ചിരിക്കുന്നു. വായനക്ക്..