Wednesday, 26 July 2023

ചെളിക്കുണ്ടിലെ കുളി

 ചെളിക്കുണ്ടിലെ കുളി

================

ആരെങ്കിലും ചെളിവെള്ളത്തിൽ

കുളിക്കുമോ?

അതും കലക്ക വെള്ളം കുതിച്ചു

പായും തോട്ടിൽ?

പച്ചിലകളെ തള്ളി മാറ്റി

ഓരോന്നാങ്ങനെ ഒഴുകി എത്തും

തോട്ടിൽ?

ഉരുണ്ട വഴുക്കൻ കല്ലിന് മുകളിൽ?

അതും തോർത്തുമുണ്ട് കരയിൽ കുത്തി

മീൻ കൊത്തും വെള്ളത്തിൽ?

അതും ഒരൊന്നൊന്നര മണിക്കൂർ

ചാടിയും കുത്തിയും മുങ്ങിയും

നീന്തിയും ആർത്തു വിളിച്ചും കൂക്കിയും?

അതും ആർക്കെങ്കിലും തണുത്ത് ചുരുങ്ങിയ 

ചുക്കാണിയുടെ ഒരു ഫോട്ടോ 

എടുക്കാവുന്ന ഒരു കാലത്തിൽ?

അന്നങ്ങനെ ഒരു കാലം ഉണ്ടായിരുന്നു

എത്ര നനഞ്ഞാലും കളിച്ചാലും

ഒരു ജലദോഷം പോലും വരാത്ത

ഒരു കാലം-

വീഡിയോ ഓഫ് ചെയ്തു അയാൾ

മദ്യകുപ്പി കമിഴ്ത്തി ഫ്ലാറ്റിൽ ഉള്ളവരോടായി പറഞ്ഞു.

അവർ:ഫ്ലാറ്റിലെ ac യുടെ തണുപ്പിൽ ആകെ തരിച്ചിരുന്നു.


എന്താണ് മണ്ണ്?


എന്ന ഭാവി യിലെ ചോദ്യം അവരുടെ 

മുന്നിൽ അടുത്ത കുപ്പിയായി അവതരിച്ചു.

അല്ലെങ്കിലും ഫ്ലാറ്റ് ടു ഫ്ലാറ്റ് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുവാൻ പോകുന്ന ഒരു സമൂഹത്തിനു എന്ത് മണ്ണ്?

മഴ

 മഴ രണ്ടാഴ്ച്ച നിന്ന്

പെയ്താൽ പ്രളയം.

മഴ രണ്ടാഴ്ച

പെയ്യഞ്ഞാൽ പ്രളയം

പോയി വരൾച്ച.


മഴ പെയ്തില്ലേൽ

കിണറിൽ വെള്ളം വറ്റും.

മഴ പെയ്താൽ

അറബിക്കടല് നിറയും.


മഴ പെയ്താൽ

കരണ്ടു പോകും..

മഴ പെയ്തില്ലേലും

കരണ്ട് പോകും.


മഴ കണ്ടാൽ കവിത


മഴ കൊണ്ടാൽ ദോഷം.

വാഴ നടക്കുന്ന നാട്

 വാഴ നടക്കുന്ന നാട്.


ഇന്നലെ പകൽ

അപ്പുറത്തെ വീട്ടിൽ

നിന്നിരുന്ന വാഴ ഇന്ന്

രാവിലെ അടുത്തവന്റെ

 വീട്ടിലെ

ഗേറ്റിനു മുമ്പിൽ..


ഇന്ന് രാവിലെ വീട്ടിന്നു

 മുന്നിൽ

എവിടേ നിന്നോ വന്ന

പൂ ചേട്ടികൾ 


അടുത്ത വീട്ടിന്റെ

പുരപ്പുറത്തേക്കു

വൈകീട്ട് നിറുത്താതെ

കല്ലേറ്.


 ഡോക്ടർ എന്ന്

ബോർഡ് ഓരോ ദിവസവും

ഓരോ വീടിനു മുമ്പിൽ.


പശുവിനെ ചവുട്ടിക്കാൻ

പറ്റുമോ?

എന്നും ചോദിച്ചു വീട്ടുമുറ്റത്ത്

ഒരു പശുവും രണ്ടാളും.


അടുത്ത വീട്ടിൽ നിന്നും

 കിട്ടിയ

പൂള ക്കറിക്കു വീട്ടിലെ

പൂളയുടെ

അതെ രുചി


പട്ടിയുണ്ട് എന്ന ബോർഡ്‌

പട്ടി ഇല്ലാത്ത വീട്ടിൽ 


വീട്ടിൽ എത്തിയ

അതിഥികളുടെ

കാണാതായ ചെരുപ്പ്.


കള്ളനെ പിടിക്കാൻ 

 നാട്ടുകാർ കാവൽ നിന്ന

അന്ന് മാത്രം കള്ളന്മാർ

എത്തുന്നുമില്ല!


മാന്യന്മാർ മാത്രം ഉള്ള ഒരു

നാട്ടിൽ കള്ളനെ കാവൽ

ഏൽപ്പിച്ചാൽ

എന്നോ കള്ളൻ കപ്പലിൽ.

തന്നെ എന്നോ 

പറഞ്ഞു ഒരു കാര്യവുമില്ലതാനും.

നമുക്കിടക്ക്...

 നമുക്കിടക്കു എന്തോ

ഉണ്ട്.

കാണാത്ത എന്നാൽ

കനമുള്ള മുറിക്കുന്ന

വേദനിപ്പിക്കുന്ന

അകറ്റുന്ന എന്നാൽ

ശൂന്യമായ ഏതോ ഒന്ന്..


ഇടക്കുള്ള കാറ്റിനും

വെയിലിനും മഴക്കും

തണുപ്പിനും കണ്ടെത്താൻ

ആവത്ത എന്നാൽ

ആകെ കത്തിക്കുന്ന

ആകെ കരിക്കുന്ന

ആകെ തകർക്കുന്ന

ആകെ നശിപ്പിക്കുന്ന

എന്തോ ഒന്ന്...


അതില്ലെങ്കിൽ?


നമ്മൾ ഇത്ര അപരിചിതർ

ആകുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ

പരസ്പരം മുറിവേൽപ്പിക്കാൻ

ശ്രമിക്കുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ അന്യോന്യം

സന്തോഷം തല്ലിക്കെടുത്താൻ

ശ്രമിക്കുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ ജീവനോടെ

ഓരോ ശവക്കല്ലറകൾക്കുള്ളിൽ

കിടക്കുമായിരുന്നില്ല..

Wednesday, 12 July 2023

പുരോഗതിയും ഭ്രാന്തും

 പുരോഗതിയും ഭ്രാന്തും 


=========================


കുറെനാളായുറക്കമില്ല,

ആകെയൊരസ്വസ്ഥതയും

കൈകാൽ കഴപ്പും തരിപ്പും.


അന്നത്തിനും രുചിയില്ല,

കൂട്ട് കൂടാനുമില്ല തോന്നൽ-

ഉക്രൈനിൽ ഒരു കൊച്ചു കുട്ടി

തലമേൽ വീഴും ബോംബും

നോക്കി പേടിച്ചു

വിറങ്ങലിച്ചിരിക്കുന്നു.


മനുഷ്യൻ പുരോഗമിച്ചെന്നു

വെറുതേ കരുതുന്നു.


എല്ലാ നാട്ടിലും കോടിക്കണക്കിനു

ബോംബുകൾ ഉണ്ടാക്കി വെച്ചതോ

പുരോഗതി?


ഇരുപുറവുമായി ആറേഴുലക്ഷം

മനുഷ്യരെ, ഒരു നാട്ടിൽ ജനിച്ചു

പോയിയെന്നോരൊറ്റ കാരണത്താൽ

കൈ കാൽ വെട്ടിയും തോക്കിനാൽ

ചുട്ടും പട്ടിണിക്കിട്ടും മൃഗം പോലും 

ലജ്ജിക്കും കണക്കെ കൊന്ന് തള്ളുന്നതോ പുരോഗതി?


ഇനിയൊരു ദിനം ഇരു നേതാക്കളും

ഒരു മേശക്കു ചുറ്റും ഇരുന്നൊരു

സന്ധി പത്രത്തിൽ 

ഒപ്പിടുമെങ്കിലും അന്നായി ഈ

മരിച്ച ലക്ഷങ്ങൾ തിരിച്ചു വന്നീടുമോ?


ഭ്രാന്തന്മാരുടെ മാത്രം ഒരു ലോകമിവിടെ

മനുഷ്യന് ശാശ്വതസമാധാനം കിട്ടുമെന്നതു 

വെറും നിഷ്കളങ്കർ തൻ ദിവാസ്വപ്നം

മാത്രമിവരുടെ ഭീകര കണ്ണുകൾ

പണത്തിലും അന്യന്റെ മണ്ണിലും യുദ്ധക്കച്ചവട ലാഭ മോഹങ്ങളിലും മാത്രം.


അക്കണ്ണു മനുഷ്യന്റെ ഹൃദയത്തിലേക്കു

മാത്രം നോക്കി വേദന ആറ്റുമൊരു കാലം

ഉണ്ടായിവരുമീ പാരിൽ അതിന്നായി ഇനി

എത്ര യുഗമെത്ര പുതു പ്രവാചകർ വേണ്ടി വരുമീ നാട്ടിൽ,

 പഴയ പ്രവാചക ഗ്രന്ഥങ്ങളിലും 

യുദ്ധത്തിൻ കഥകൾ സുലഭം.


യുദ്ധമില്ലാത്തൊരു നാട്ടിൽ ജീവിക്കാനാകാത്തത്തു

എന്റെയും പിന്നെ നിന്റെയും

ചരിത്രത്തെ വെറും ചെന്നായ്ക്കളുടെ മാത്രം ചരിത്രം ആക്കുന്നു, നാം എല്ലാം ഉള്ളിൽ

ക്രൂര വിഷം പേറും വെറും നരാധമന്മാർ മാത്രമോ?


ഉക്രൈനിൽ പതിക്കും വലിയ ബോംബുകൾ

നാളെ നമ്മുടെ തലയിലും പതിച്ചേക്കും

അന്നേക്ക് മാത്രമായി 

കണ്ണീരും ശബ്ദവും കാത്തു വക്കും

അഭിനവവിഡ്ഢികൾ നമ്മൾ, ഇക്കണക്കിനു

നമ്മൾക്കും ജയിക്കുകാനാകില്ല യുദ്ധത്തെ,

യുദ്ധമുണ്ടാക്കും മനസ്സിന്റെ ക്രൂരതയെ കട്ടായം.


(പ്രദീപ് )

Tuesday, 11 July 2023

അമ്മമ്മ മരിച്ച രാത്രി

 അമ്മമ്മ മരിച്ച രാത്രി


വൈകുണ്ഡം തുറക്കുന്ന

ഒരു രാത്രി, നല്ല നിലാവുള്ള

ഒരു രാത്രി, ഉറങ്ങാതെ ഇരുന്ന

ഒന്നും കഴിക്കാൻ തോന്നാതെ

ഇരുന്ന ഒരു രാത്രി വീട്ടിൽ നിന്നും

ഒരിത്തിരി കൂടുതൽ വെളിച്ചം

പുറത്തെ റോട്ടിലേക്കു ഏന്തി വന്ന

ഒരു രാത്രി, അതാണ്‌ അമ്മമ്മ

മരിച്ചു കിടന്ന ആ രാത്രി.


അന്ന് രാത്രി വിളക്കണക്കാതെ

സീരിയൽ ടി വി യിൽ കാണാതെ

മീൻ കറി കഴിക്കാതെ,

മിറ്റമടിക്കാതെ വെള്ളം കോരാതെ

തേപ്പു കൊണ്ട് നിലം തുടക്കാതെ

ആരെയും ബുദ്ധിമുട്ടിക്കാതെ

പെട്ടെന്ന് മരിച്ച് 

അമ്മമ്മ ഫ്രീസറിൽ ആയി ഉമ്മറത്തു

ഉറങ്ങി.


പണ്ടെന്നോ നാട് വിട്ടു പോയ

 ഭർത്താവോ, അത് മൂലം ഒരു

തരി മണ്ണ് പോലും കൊടുക്കാത്ത

ഭർത്താവിന്റെ വീട്ടുകാരോ

എപ്പോളും ലഹള കൂടിയിരുന്ന

ഏക മകളോ

കൂലിപ്പണി എടുത്തിരുന്ന

വീട്ടുകാരോ

ജോലി ചെയ്ത തീപ്പെട്ടിക്കമ്പനിക്കാരോ

സ്ഥിരമായി ഓട്ടു ചെയ്തിരുന്ന

ഇന്ദിരാ ഗാന്ധിയുടെ കാൺഗ്രെസ്സുകാരോ

പ്രസവിക്കുമ്പോൾ സഹായിക്കാൻ ചെന്ന സ്ത്രീകളോ

പുല്ലു പറിച്ചും വെള്ളം കൊടുത്തും

തീറ്റി വളർത്തിയ പശുക്കളോ 

കാണാൻ വരുന്നുണ്ടോ എന്ന്

അമ്മമ്മ കേട് വരാത്ത ഒറ്റ

കണ്ണിനാൽ ഫ്രീസെറിൽ നിന്ന്

ഒളി കണ്ണിട്ടു നോക്കുന്നു?


ആരു മരിച്ചാലും അവിടേക്കു

പോയില്ലെങ്കിൽ ചീത്ത പറയുമായിരുന്ന

അമ്മമ്മ

തീയിൽ ദഹിക്കാൻ താല്പര്യം ഇല്ലാതിരുന്ന

അമ്മമ്മ ഒരു രാത്രി 

കഴിയാനായി, പിറ്റേന്ന് എങ്ങോട്ടോ

പോകാനായി മല്ലു മുണ്ടും

പച്ച ജാക്കെറ്റും ഇട്ടു മുടി ചീകാതെ

പൌഡർ ഇടാതെ ഒന്നും കഴിക്കാതെ കാത്തിരിക്കുന്നു....


അരികെ ഇനി എനിക്കാരാണ് ഉള്ളത്?

എന്ന് പറഞ്ഞു കരയുന്ന മകൾ..


എല്ലാർക്കും നല്ലത് ചെയ്തോണ്ട് ആരേം ബുദ്ധി മുട്ടിക്കാതെ

പോയി - എന്ന് ചിലർ 


അമ്മമ്മ മരിച്ച രാത്രിയും കഴിയുന്നു.

Thursday, 6 July 2023

അടുത്തിരുന്ന പെൺകുട്ടി

 അടുത്തിരുന്ന പെൺകുട്ടി

========================


ഒരായിരം കാര്യങ്ങൾ

മനസ്സിൽ ഒരു വള്ളം കളി

നടത്തിക്കൊണ്ടിരുന്നപ്പോൾ

എപ്പോളോ ആണ്

സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്സിലെ 

ന്റെ അരികെയായ് 

വെളുത്തു മെലിഞ്ഞ പെൺകുട്ടി

വന്നിരുന്നത്.


തലയും താഴ്ത്തി ഭൂമിയും

നോക്കി ഇരുന്ന അവൾ

എന്ത് ആലോചിക്കുന്നു?


കളിക്കാൻ വേണ്ടി

കാത്തിരിക്കുന്ന കൊച്ചനിയനെ?,

 രാത്രി ഭക്ഷണമായി

ഉണ്ടാക്കേണ്ട ചപ്പാത്തിയെ?

അമ്മക്കായി നൽകേണ്ട

മരുന്നിനെ?

നാളെക്കായി പഠിക്കേണ്ട

പുസ്തകത്തെ?

എപ്പോളും അവളോട്‌ മിണ്ടുന്ന സഹപാഠിയെ?


ഒരിളം കാറ്റ്‌ അവളുടെ ഉലഞ്ഞ

എന്നാൽ കെട്ടിവച്ച മുടിയെ

തഴുകി നീങ്ങുന്നുണ്ട്.


അവളുടെ കയ്യിലെ വളകൾ

മടിയിലെ പുസ്തകങ്ങൾക്ക്

മുകളിൽ ചരിഞ്ഞു കിടക്കുന്നുണ്ട്.


അവളുടെ പുസ്തകത്തിൽ 

 മയിൽ പീലിയെ 

പെറ്റു കൂട്ടാനായി മാനം കാട്ടാതെ

അവൾ കരുതി വചിരിക്കില്ലേ?


അവളുടെ കയ്യിലെ പൊതിയിൽ

 കെട്ടാനയുള്ള മുല്ല പൂക്കൾ

കാണില്ലേ?


അവളുടെ കുഞ്ഞ് പാത്രത്തിൽ

പാൽ ഉണ്ടാകില്ലേ?


അവളുടെ കണ്മഷിക്കൂടും

പൊട്ടും വച്ചാ കൊച്ചു പാത്രങ്ങൾ ഇപ്പോൾ എവിടെയാണ്?


അവളുടെ വെള്ളം പാത്രത്തിലേ

 വെള്ളം ഇനി എപ്പോളാണ് 

അവൾ കുടിക്കുക?


ഇരുട്ടുന്നതിനു മുമ്പ് അവൾക്കു

വീട്ടിൽ എത്താൻ കഴിയുമോ?


ബസ്സിറങ്ങിയാൽ വീട്ടിലേക്കു പോകാനായി ഒരു കൊച്ചു സൈക്കിൾ

അവൾ ഏതെങ്കിലും വേലിയിൽ

ചാരി വച്ചിട്ടുണ്ടാവുമോ?


പോകുന്ന വഴിക്കു അവൾ ഏതെങ്കിലും

വീട്ടിലെ മാങ്ങക്ക് കല്ലെറിയാതിരിക്കുമോ?


കടിക്കാൻ വരുന്ന പട്ടികളെ

 തുരത്താനായുള്ള വടി അവൾക്കു

എവിടെ നിന്ന് കിട്ടും?


കൂടെ അവളുടെ കൂട്ടുകാർ കാണില്ലേ?


അവരോടു അപ്പോൾ അവൾ എന്തൊക്കെ കഥകൾ ആയിരിക്കും പറയുക?


ഏതൊക്ക പാട്ടുകൾ ആയിരിക്കും അവർ മൂളുക?


എന്തൊക്കെ മിട്ടായികൾ

ആയിരിക്കും അവർ വായിലിട്ടു മറന്നു

വിഴുങ്ങിയിട്ടുണ്ടാവുക?


ഏതൊക്കെ കളികൾ ആയിരിക്കും അവർ കളിക്കുക?


എവിടെ ഒക്കെ ആയിരിക്കും അവർ

വെറുതേ നോക്കി നിൽക്കുക?


എത്ര പ്രാവശ്യം അവർ തോട്ടിലെ

വെള്ളത്തിൽ കൈ കാൽ നനയ്ക്കും?


എത്ര പരൽ മീനുകൾ അവർക്കു

പിടുത്തം കൊടുക്കാതെ വെള്ളത്തിക്കൂടെ ഊളിയിട്ടു

വളഞ്ഞു പുളഞ്ഞു പായും?


അരികെ ഇരുന്ന പെൺകുട്ടിയെ ഇപ്പോൾ കാണുന്നില്ല....


അവൾ എപ്പോളാണ് എവിടെയാണ്

ഇറങ്ങിയത്?


ഇനി അവൾ അവിടെ ഇപ്പോൾ

ഇരിക്കുന്ന പുരുഷന് സീറ്റു മാറി

കൊടുത്ത് കാണുമോ?


ബസ്സ് എനിക്കിറങ്ങാനുള്ള

 സ്റ്റോപ്പിലേക്ക്

എത്താനായി.


എന്റെ ലോകത്തിലേക്കു

ബസ്സ് എത്തുമ്പോൾ ഇനി

എനിക്ക് എന്തിനു ആ പെൺകുട്ടി?

പ്രണയവും സ്നേഹവും

 പ്രണയവും സ്നേഹവും 


സംസ്കാരം കാത്തു

കിടക്കുന്ന ഒരു

ശവ ശരീരത്തിന്റെ

വെളുത്ത പൊതി 

പ്രണയം.

 

സംസ്കാരം കാത്തു

 കിടക്കുന്ന

 ശവശരീരത്തിലേ

എല്ലുകൾ സ്നേഹം.

നീ സ്വർഗത്തിലേക്ക് ആണ്

 രണ്ടു കവിതകൾ

===============

(രണ്ടും കവിതകൾ ആയില്ലെങ്കിലും അവയിൽ ഒന്ന് രണ്ടു ആശയങ്ങൾഉണ്ട്. അവ പങ്ക്

വക്കാനായി പോസ്റ്റ്‌ ചെയ്യുന്നു )


1. നീ സ്വർഗത്തിലേക്ക് ആണ്.

=========================

ഒരു സന്യാസി ഉണ്ട്.


പുറമെ ഉള്ളവർ ഒരിക്കലും അംഗീകരിക്കാത്ത

എന്നാൽ അകത്തു ഒരു പാട്

പേർ അംഗീകരിക്കുന്ന ഒരു സന്യാസി.


ഒരു മനുഷ്യൻ ഉണ്ട്.


സാധാരണ ഒരു മനുഷ്യന് ഉള്ള എല്ലാ

കുറവുകളും ഉള്ള ഒരാൾ.


ഒരിക്കൽ ഒരിടത്തു വച്ചു ഇരുവരും

കണ്ടു മുട്ടി.


കണ്ട ഉടനെ മനുഷ്യൻ സന്യാസിയോട്

അസ്വസ്ഥനായി ചോദിച്ചു.


ഞാൻ കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്

എനിക്ക് എന്റെ വീട്ടുകാരെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല

ഞാൻ മോഷണം നടത്തിയിട്ടുണ്ട്

ഞാൻ വ്യഭിചരിച്ചിട്ടുണ്ട്.

ഞാൻ കൊലപാതകി ആണ്

എന്റെ നരകം എത്ര ഭീകരം?


സന്യാസി അവനോടു അതിന്നു

ഉത്തരം പറഞ്ഞു.


നീ സ്വർഗത്തിലേക്കാണ്.


നീ മാത്രമല്ല സ്വർഗ്ഗം ഉണ്ട്.


എല്ലാവരും മരിച്ചാൽ പോകുന്നത്

അവിടേക്കു തന്നെ.


നരകം എന്നൊന്നില്ല. അവിടെക്ക്

ആരും എത്തുകയും ഇല്ല താനും.


അന്തം വിട്ടു നിന്ന അയാളെ കാക്കാതെ സന്യാസി ഒരു ചിരിയും

ആയി എങ്ങോട്ടോ പോയി.


എന്തായിരിക്കും സന്യാസി ഉദ്ദേശിച്ചത്?


അയാളുടെ ചിന്ത പിന്നെ അത് മാത്രമായി.


2. അടുക്കള സമരം

===================


പെണ്ണുങ്ങൾ

പുലർച്ചെ എഴുന്നേറ്റു ചായ,

ഇഡ്ഡലി, ചട്ടിണി,സാമ്പാർ

ചുക്കുവെള്ളം, ചോറ്,

ഉപ്പേരി, അച്ചാർ, പപ്പടം

മോര്,മീൻ വറുത്തത് എന്നിവ

ഉണ്ടാക്കിക്കൊണ്ടിരുന്ന

അന്ന്


ആണുങ്ങൾ

ഉറക്കം, മൊബൈൽ

നോട്ടം ബീഡി വലി, പത്രം വായന,

വ്യായാമം വെറുതെ

മേലേക്കും നോക്കി കിടക്കൽ, പാട്ടു

കേൾക്കൽ, ട്. വി കാണൽ എന്നിവ

നടത്തികൊണ്ടിരുന്ന

അന്ന്


ആണ്


നാട്ടിലെ എല്ലാ പെണ്ണുങ്ങളും

ഒന്നിച്ചു അടുക്കള പണി

നിറുത്തി അടുക്കള സമരം

തുടങ്ങിയത്.


സമരം തുടങ്ങി മൂന്ന് ദിവസം

പ്രതിഷേധിച്ച ആണുങ്ങൾ

നാലാം ദിവസം ആണ് 


അടുക്കളയിൽ

കയറി ബൂസ്റ്റ്‌, ബീഫ് കറി, പൊറോട്ട

കപ്പ പുഴുങ്ങിയത്, മട്ടൺ വരട്ടിയത്

എന്നിവ വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കിയതും 

പിന്നീട് അത് കഴിച്ചു

 അവർ ജോലിക്ക്

പോയതും.


ആ സമരത്തിലൂടെ ആണ് 

അടുക്കള

എല്ലാവരുടെതും ആണ് എന്ന

അഭിപ്രായത്തിലേക്കു ഇവർ എത്തിയത്


================================-

(പ്രദീപ്‌ )

അരികെ

 അരികെ..

==========

അകലെയാകാശം,


അകലെ മല, മഞ്‌,

 പുഴ.

 മണ്ണ്,കാട്.


നീ പ്രണയം.


അവർ 

ജീവൻ.


അരികെ കുഞ്ഞ്

അമ്മ,

കുട്ടിക്കാലം.

അറവുശാല

 അറവുശാല

=============


വില വിവര പട്ടികയിൽ

ഇങ്ങനെ എഴുതിയിരിക്കുന്നു.


ജീവൻ - വില 0

മാംസം - വില കിലോ 500.


ലോകത്തിലെ നേതാക്കന്മാരുടെ

കണ്ണുകളും മനുഷ്യന്റെ ചത്ത മാംസത്തിൽ........


(അറവുശാല അറിവുശാല.)

കരച്ചിൽ

 കരച്ചിൽ

=========

 ബസ്സിൽ അമ്മയുടെ

മടിയിൽ ഇരുന്ന ഒരു

കൊച്ചു കുട്ടി കരഞ്ഞു

തുടങ്ങി.


അതോടെ ബസ്സിലുള്ളവർ

എല്ലാവരും അവരുടെ

ബാക്കിയെല്ലാം ഉപേക്ഷിച്ചു

കുട്ടിയുടെ കരച്ചിൽ

നിറുത്താനായി ശ്രമിച്ചു തുടങ്ങി.


ഡ്രൈവർ ബസ്സ് നിറുത്തി.

വൃദ്ധസദനത്തിലെ അമ്മ

 വൃദ്ധ സദനത്തിലെ അമ്മ

=====================

വൃദ്ധ സദനത്തിലെ അമ്മ

തിരക്കിലാണ്.


രാവിലെ നേരത്തെ എണീക്കണം.


മക്കൾ എഴുന്നേറ്റോ

കുളിച്ചോ ഭക്ഷണം കഴിച്ചോ

ഉറങ്ങിയോ, അങ്ങനെ ഒരു

നൂറു കൂട്ടം കാര്യങ്ങൾ

മക്കളോട് ഫോണിൽ വിളിച്ചു

അന്വേഷിക്കണം.


വൃദ്ധ സദനത്തിലെ അമ്മക്കു

ഒറക്കമില്ല.


വൃദ്ധസദനത്തിലെ അമ്മ 

ഓരോ ആധിയിലാണ്.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...