Tuesday, 11 July 2023

അമ്മമ്മ മരിച്ച രാത്രി

 അമ്മമ്മ മരിച്ച രാത്രി


വൈകുണ്ഡം തുറക്കുന്ന

ഒരു രാത്രി, നല്ല നിലാവുള്ള

ഒരു രാത്രി, ഉറങ്ങാതെ ഇരുന്ന

ഒന്നും കഴിക്കാൻ തോന്നാതെ

ഇരുന്ന ഒരു രാത്രി വീട്ടിൽ നിന്നും

ഒരിത്തിരി കൂടുതൽ വെളിച്ചം

പുറത്തെ റോട്ടിലേക്കു ഏന്തി വന്ന

ഒരു രാത്രി, അതാണ്‌ അമ്മമ്മ

മരിച്ചു കിടന്ന ആ രാത്രി.


അന്ന് രാത്രി വിളക്കണക്കാതെ

സീരിയൽ ടി വി യിൽ കാണാതെ

മീൻ കറി കഴിക്കാതെ,

മിറ്റമടിക്കാതെ വെള്ളം കോരാതെ

തേപ്പു കൊണ്ട് നിലം തുടക്കാതെ

ആരെയും ബുദ്ധിമുട്ടിക്കാതെ

പെട്ടെന്ന് മരിച്ച് 

അമ്മമ്മ ഫ്രീസറിൽ ആയി ഉമ്മറത്തു

ഉറങ്ങി.


പണ്ടെന്നോ നാട് വിട്ടു പോയ

 ഭർത്താവോ, അത് മൂലം ഒരു

തരി മണ്ണ് പോലും കൊടുക്കാത്ത

ഭർത്താവിന്റെ വീട്ടുകാരോ

എപ്പോളും ലഹള കൂടിയിരുന്ന

ഏക മകളോ

കൂലിപ്പണി എടുത്തിരുന്ന

വീട്ടുകാരോ

ജോലി ചെയ്ത തീപ്പെട്ടിക്കമ്പനിക്കാരോ

സ്ഥിരമായി ഓട്ടു ചെയ്തിരുന്ന

ഇന്ദിരാ ഗാന്ധിയുടെ കാൺഗ്രെസ്സുകാരോ

പ്രസവിക്കുമ്പോൾ സഹായിക്കാൻ ചെന്ന സ്ത്രീകളോ

പുല്ലു പറിച്ചും വെള്ളം കൊടുത്തും

തീറ്റി വളർത്തിയ പശുക്കളോ 

കാണാൻ വരുന്നുണ്ടോ എന്ന്

അമ്മമ്മ കേട് വരാത്ത ഒറ്റ

കണ്ണിനാൽ ഫ്രീസെറിൽ നിന്ന്

ഒളി കണ്ണിട്ടു നോക്കുന്നു?


ആരു മരിച്ചാലും അവിടേക്കു

പോയില്ലെങ്കിൽ ചീത്ത പറയുമായിരുന്ന

അമ്മമ്മ

തീയിൽ ദഹിക്കാൻ താല്പര്യം ഇല്ലാതിരുന്ന

അമ്മമ്മ ഒരു രാത്രി 

കഴിയാനായി, പിറ്റേന്ന് എങ്ങോട്ടോ

പോകാനായി മല്ലു മുണ്ടും

പച്ച ജാക്കെറ്റും ഇട്ടു മുടി ചീകാതെ

പൌഡർ ഇടാതെ ഒന്നും കഴിക്കാതെ കാത്തിരിക്കുന്നു....


അരികെ ഇനി എനിക്കാരാണ് ഉള്ളത്?

എന്ന് പറഞ്ഞു കരയുന്ന മകൾ..


എല്ലാർക്കും നല്ലത് ചെയ്തോണ്ട് ആരേം ബുദ്ധി മുട്ടിക്കാതെ

പോയി - എന്ന് ചിലർ 


അമ്മമ്മ മരിച്ച രാത്രിയും കഴിയുന്നു.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...