പുരോഗതിയും ഭ്രാന്തും
=========================
കുറെനാളായുറക്കമില്ല,
ആകെയൊരസ്വസ്ഥതയും
കൈകാൽ കഴപ്പും തരിപ്പും.
അന്നത്തിനും രുചിയില്ല,
കൂട്ട് കൂടാനുമില്ല തോന്നൽ-
ഉക്രൈനിൽ ഒരു കൊച്ചു കുട്ടി
തലമേൽ വീഴും ബോംബും
നോക്കി പേടിച്ചു
വിറങ്ങലിച്ചിരിക്കുന്നു.
മനുഷ്യൻ പുരോഗമിച്ചെന്നു
വെറുതേ കരുതുന്നു.
എല്ലാ നാട്ടിലും കോടിക്കണക്കിനു
ബോംബുകൾ ഉണ്ടാക്കി വെച്ചതോ
പുരോഗതി?
ഇരുപുറവുമായി ആറേഴുലക്ഷം
മനുഷ്യരെ, ഒരു നാട്ടിൽ ജനിച്ചു
പോയിയെന്നോരൊറ്റ കാരണത്താൽ
കൈ കാൽ വെട്ടിയും തോക്കിനാൽ
ചുട്ടും പട്ടിണിക്കിട്ടും മൃഗം പോലും
ലജ്ജിക്കും കണക്കെ കൊന്ന് തള്ളുന്നതോ പുരോഗതി?
ഇനിയൊരു ദിനം ഇരു നേതാക്കളും
ഒരു മേശക്കു ചുറ്റും ഇരുന്നൊരു
സന്ധി പത്രത്തിൽ
ഒപ്പിടുമെങ്കിലും അന്നായി ഈ
മരിച്ച ലക്ഷങ്ങൾ തിരിച്ചു വന്നീടുമോ?
ഭ്രാന്തന്മാരുടെ മാത്രം ഒരു ലോകമിവിടെ
മനുഷ്യന് ശാശ്വതസമാധാനം കിട്ടുമെന്നതു
വെറും നിഷ്കളങ്കർ തൻ ദിവാസ്വപ്നം
മാത്രമിവരുടെ ഭീകര കണ്ണുകൾ
പണത്തിലും അന്യന്റെ മണ്ണിലും യുദ്ധക്കച്ചവട ലാഭ മോഹങ്ങളിലും മാത്രം.
അക്കണ്ണു മനുഷ്യന്റെ ഹൃദയത്തിലേക്കു
മാത്രം നോക്കി വേദന ആറ്റുമൊരു കാലം
ഉണ്ടായിവരുമീ പാരിൽ അതിന്നായി ഇനി
എത്ര യുഗമെത്ര പുതു പ്രവാചകർ വേണ്ടി വരുമീ നാട്ടിൽ,
പഴയ പ്രവാചക ഗ്രന്ഥങ്ങളിലും
യുദ്ധത്തിൻ കഥകൾ സുലഭം.
യുദ്ധമില്ലാത്തൊരു നാട്ടിൽ ജീവിക്കാനാകാത്തത്തു
എന്റെയും പിന്നെ നിന്റെയും
ചരിത്രത്തെ വെറും ചെന്നായ്ക്കളുടെ മാത്രം ചരിത്രം ആക്കുന്നു, നാം എല്ലാം ഉള്ളിൽ
ക്രൂര വിഷം പേറും വെറും നരാധമന്മാർ മാത്രമോ?
ഉക്രൈനിൽ പതിക്കും വലിയ ബോംബുകൾ
നാളെ നമ്മുടെ തലയിലും പതിച്ചേക്കും
അന്നേക്ക് മാത്രമായി
കണ്ണീരും ശബ്ദവും കാത്തു വക്കും
അഭിനവവിഡ്ഢികൾ നമ്മൾ, ഇക്കണക്കിനു
നമ്മൾക്കും ജയിക്കുകാനാകില്ല യുദ്ധത്തെ,
യുദ്ധമുണ്ടാക്കും മനസ്സിന്റെ ക്രൂരതയെ കട്ടായം.
(പ്രദീപ് )
No comments:
Post a Comment