ഹൃദയപുസ്തകം
==============
കുട്ടിക്കാലത്ത് ആണ്
അവൾക്ക്
എവിടെ നിന്നോ കിട്ടിയ,
ആരോ തന്ന
ഒരു മയിൽപ്പീലിത്തുണ്ട്
കൊടുത്തത്..
പിന്നീട് അവളില്ലാത്തപ്പോൾ
പുസ്തകത്തിലെ
മയിൽപീലിത്തുണ്ട്
വലുപ്പം വച്ചോ എന്ന്
നോക്കിയപ്പോൾ കണ്ടത്
അതിന്നകത്തു
മടക്കി വച്ചിരിക്കുന്ന
നാലോ അഞ്ചോ പേരുടെ
പ്രണയലേഖനങ്ങൾ ആണ്.
വർഷങ്ങൾക്കു ശേഷം
ഇന്ന്, അവളെ വീണ്ടും
കണ്ടപ്പോൾ അവൾ
എന്തിനാണ് എന്നോട്
അന്ന് കൊടുത്ത ആ
മയിൽപീലിത്തുണ്ടിനെ
കുറിച്ച് പറഞ്ഞത്?
ഹൃദയ പുസ്തകത്തിന്റെ
ഏതു താളിലാണ്
അവൾ ഇത്ര നാളും
ആ മയിൽപീലിത്തുണ്ട്
കേടുവരാതെ,
മാനം കാട്ടാതെ
ഓർമ്മിച്ചു, ഒളിച്ചു
വച്ചിരുന്നത്?
(പ്രദീപ് )
No comments:
Post a Comment