Monday, 27 May 2024

എനിക്ക് ബോറടിക്കുന്നു

 എനിക്ക് ബോറടിക്കുന്നു


ഓരോ ചവുട്ടിലും താഴെ 

മൃത ശരീരം, പണ്ട് മരിച്ചവർ, 

ചുറ്റിലും പലരും മരിക്കുന്നു, വേണ്ടപ്പെട്ടവർ പോലും,

 ഒരു നാളിലായി ഞാനും 

എന്നാൽ ഇപ്പോളേ എനിക്ക് 

ബോറടിക്കുന്നു.


ഒരു ഗ്രഹം അതിൽ ഞാനും 

മറ്റൊരായിരം ഗ്രഹങ്ങൾ 

അവ ഇങ്ങനെ പല സൂര്യനെയും ചുറ്റി 

മുട്ടാതെ ഇങ്ങനെ പല കോടിവർഷം 

എന്തിനു സ്വയം തിരിയുന്നെനിക്ക് 

ബോറടിക്കുന്നു.


മണ്ണിൽ ഒരു വീടതിൽ ഞാൻ,

 അങ്ങനെ 

പല കോടി മനുഷ്യർ, 

സ്നേഹം, മതം പണം അന്നമെന്നും ചിന്തിച്ചു 

ഉറങ്ങും മുമ്പേ വെറുതേ പരക്കം 

പായുന്നു, എനിക്ക് ബോറടിക്കുന്നു.


Friday, 24 May 2024

തേപ്പ്

 തേപ്പ് 

-----------

ഉദിച്ചു തുടങ്ങും സൂര്യനും 

ചാറി തുടങ്ങും മഴക്കും 

ഇടക്ക് അവളിലേക്കും ഒരു വഴി.


പഴമക്കും പുതുമക്കും ഇടക്കോ 

പുസ്തകത്തിനും ആകാശത്തിനും 

ഇടക്കോ 

കൈ കാൽ അടിച്ചു ചിരിച്ചു 

കളിക്കും പിഞ്ചു കുഞ്ഞിനും 

പെറ്റ അമ്മയ്ക്കും ഇടക്കൊ

പൂവിനും ജലത്തിനും ഇടക്കൊ

ആയി അവളിലേക്കും ഒരു ചെറു വഴി.


അവൾ കരുതുന്നത് അവൾ

നല്ല ഒരു തേപ്പുകാരി ആണെന്നത്രെ.


തേപ്പ് എന്തായാലും ഒരു വൺ ഡയമെൻഷണൽ പരിപാടി അല്ല!


നഷ്ടം അവൾക്കാണെന്ന് 

പോലും അവൾക്ക് അറിയാത്ത 

ഒരു തേപ്പ്!


ഇനി അവളെയും അവളുടെ

ഭാവി വരനെയും കൂടി 

എന്റെ പ്രതികാരത്തിന്റെ 

അപകടങ്ങളിൽ നിന്നും 

സംരക്ഷിക്കുക തന്നെ.


അവളെ പാടെ മറന്നും

 വെറുത്തും കൊണ്ട്...


(എഴുത്തുകാരും സിനിമക്കാരും 

മജ്ജയും മാംസവും ചേർന്ന്

 ഉണ്ടാക്കുന്ന ഓരോ 

പ്രണയ വയ്യാ വേലികൾ.)

വീണു കിട്ടിയ മാങ്ങാ

 വീണു കിട്ടിയ മാങ്ങാ


ഒരു മാങ്ങാ മണ്ണിൽ 

കുതിർന്നു ഇടത്തോട്ടു 

ചാഞ്ഞു താഴെ വെറുതേ 

കിടക്കുന്നു.


നീ ആരുടെ മാങ്ങാ?


ഇടക്കൊക്കെ നിന്നെ കൊത്തി 

തിന്നുന്നാ കിളികളുടെ?


 നിന്റെ അരികെ കൊമ്പിൽ 

ഇരുന്നൂഞ്ഞാൽ ആടിയാ കാക്കയുടെ?


നീന്റെ മുഴുപ്പും വളർച്ചയും 

നോക്കി വച്ചിരുന്ന അടിച്ചുവാരിക്കാരി 

കല്യാണിയുടെ?


 പ്രണയിനിക്ക് സമ്മാനമായി 

നിന്നെ കൊടുത്തു നിന്റെ ലൈക്ക് 

കൂട്ടാമെന്ന് സ്വപ്നം കണ്ട കാമുകന്റെ?


നിന്നെ വിൽക്കാനായി കണ്ടു വച്ചിരുന്ന 

നിന്റെ മുതലാളിയുടെ?


ഒരോരം നിന്നെ കടിച്ചു നിന്റെ തൊലിക്കു 

കട്ടിയാണെന്ന് പറഞ്ഞു തുപ്പിയ ആ 

പെണ്ണിന്റെ?


ആരുടെ, എന്ന ചോദ്യം മനസ്സിലാവാത്തതിനാൽ ആവേണം , മാങ്ങ ഉത്തരം ഒന്നും പറഞ്ഞില്ല 


വലിയ വാഹനങ്ങൾക്കും 

നടത്തക്കാരുടെ ഷൂവിന്നും 

ഇടക്ക് മണ്ണിന്റെ മാത്രം എന്ന മട്ടിൽ 

അത് മണ്ണിനേ കെട്ടിപ്പിടിച്ചു കിടക്കുന്നു.


അരികെ ഇല ശല്യം മൂലം വെട്ടുവാൻ 

കരാറായ ഒരു മരം ആയി

മാങ്ങായെ തീരെ അറിയാതെ 

അതിന്റെ തായ്ത്തടി.

Friday, 10 May 2024

ചിറക്

 ചിറക്


ഒരു മനുഷ്യൻ ഉണ്ടായിരുന്നു.


കണ്ണുകൾ മൂടിക്കെട്ടി 

ചെവിയടച്ചു വായിൽ 

തുണി വച്ചു കൈ കാൽ 

കൂട്ടിക്കെട്ടി ചാക്കിൽ കെട്ടി 

മണ്ണിന്നടിയിലെ ഒരിരുട്ടറയിൽ 

ആക്കിവച്ചു ആണ് അവനെ 

ജീവിപ്പിച്ചത്.


എന്നാൽ, അവൻ അപ്പോൾ 

മനസ്സിൽ ചെറിയ ഒരു 

പൂവിനെ കുറിച്ചും വലിയ 

ആകാശത്തേക്കുറിച്ചും 

മനുഷ്യ സ്നേഹത്തേക്കുറിച്ചും 

പച്ച ഇലകളെ കുറിച്ചും 

ചിന്തിച്ചു ജീവിക്കാൻ ശ്രമിച്ചു.


എവിടെ ആയിട്ടാണ് അവൻ 

അവന്റെ മനസ്സിന്റെ 

ചിറകുകൾ ഒളിപ്പിച്ചു 

വന്നിരുന്നത്?

ജയവും തോൽവിയും

 ജയവും തോൽവിയും.


കുറെ അസുഖങ്ങൾക്കിടക്കും 

വീട്ടിലെ പ്രശ്നങ്ങൾക്കിടക്കും 

പല അസൗകര്യങ്ങൾക്കിടക്കും 

എങ്ങനെയോ എല്ലാ പരീക്ഷയും 

എഴുതാൻ കഴിയാതിരുന്ന ഒരു 

കുട്ടി തോറ്റത്രെ..


എല്ലാ സൗകര്യങ്ങൾക്കിടയിൽ, 

ട്യൂഷൻ പഠിച്ചു കാറിൽ പോയി 

എല്ലാ പരീക്ഷകളും എഴുതിയ 

മറ്റൊരു കുട്ടി ജയിച്ചത്രേ..


റിസൾട്ട്‌ അറിഞ്ഞപ്പോൾ 

കരഞ്ഞ തോറ്റവനേ നോക്കി 

പരാജയം ചിരിച്ചു.


ചിരിച്ച ജയിച്ചവനെ നോക്കി 

ജയം കരഞ്ഞു.


പിന്നീട് അവർ വികാരങ്ങളുടെ 

ചിറകുകൾ പൊഴിച്ചു 

ജയവും തോൽവിയുമായി,

ജയിച്ചവനും തോറ്റവനും ആയി 

നോട്ടിസ് ബോർഡിലേക്ക് 

കയറി നിന്നു.

Sunday, 5 May 2024

ഇല്ലാത്ത അതിരുകൾ

 









 


ഇല്ലാത്ത അതിരുകൾ.

======================

ഇടക്കെങ്കിലും, നമുക്കിടക്കുള്ള 

വേലിക്കെട്ടുകൾ തകർന്നു 

ഞാൻ നീയും നീ ഞാനും ആകുന്നുണ്ട്.


നമ്മൾ അവരാകുന്നുണ്ട്.

അവർ പലരാകുന്നുണ്ട്.


എന്റെ പഴയ കീറക്കൊട്ടയിലെ 

മത്സ്യം നീ വെട്ടി നുറുക്കി തിന്നുന്നുണ്ട്.


എന്റെ ചുണ്ടിലെ ചായപ്പാട് 

ഉള്ള ഗ്ലാസ്സുകൾ നീ വലിച്ചു മോന്താറുണ്ട്.


എന്റെ മലം കഴുകിയ കൈകൾ 

നിന്റെ പൊറോട്ടകളിൽ 

അമരാറുണ്ട്.


നിന്റെ ശ്വാസം എന്റെ ശരീരത്തിൽ 

പ്രവേശിക്കാറുണ്ട്.


ഞാൻ സോപ്പ് തേച്ചു കുളിച്ച 

പുഴ വെള്ളം നിന്റെ തൊണ്ടയിൽ 

എത്താറുണ്ട്.


നിന്റെ ശയനമുറിയിൽ എന്റെ 

പങ്കയിലെ കാറ്റു നീ ഏൽക്കാറുണ്ട്.


എന്റെ പുസ്തകങ്ങൾ നിന്നോട് 

കൂട്ട് കൂടാറുണ്ട്.


നിന്റെ രാജ്യത്തിന്റ പട്ടാള അതിർത്തി 

കൾക്ക് മുകളിലൂടെ ഞാൻ 

വിമാനം പറത്താറുണ്ട്.


എന്റെ മതിലിനുള്ളിലെ ശബ്ദങ്ങൾ 

 പാറിപ്പറന്നു 

നിന്റെ കാതുകളിൽചുംബിക്കാറുണ്ട്.


എന്റെ വീട്ടിലെ ഇലകളും ഇതളുകളും 

നിന്റെ തലയിൽ വിശ്രമിക്കാറുണ്ട്.


നിന്റെ രാജ്യത്തിലെ തോക്കുകൾ 

എന്റെ രാജ്യത്തിൽ നിർമ്മിക്കാറുണ്ട്.


ഇടക്കെങ്കിലും..,






ഏറ്റവും കൂടുതൽ തവണ തോറ്റവൻ

 രണ്ടു കവിതകൾ 


ഏറ്റവും കൂടുതൽ തവണ തോറ്റവൻ.

==============================


വിജയാരവങ്ങൾക്കിടയിൽ, തോറ്റ

മുങ്ങിത്താണ അവൻ എവിടെ?


ഏറ്റവും കൂടുതൽ തവണ 

ഏറ്റവും ഗംഭീരമായി 

തോറ്റവൻ ആയതിനാൽ ആവണം 

അവൻ ഇനി ഒരിക്കലും 

 പുറത്തേക്കു പൊക്കില്ലെന്നു 

ഉറപ്പിച്ചു തല പാതാളത്തോളം 

താഴ്ത്തി കിടക്കുന്നത്.


 സത്യം തിരഞ്ഞു പറഞ്ഞു 

ജീവിക്കാൻ ശ്രമിച്ച അവന്റെ പേര് 

സോക്രെട്ടീസ് എന്ന് തന്നെ..


 ഉയർത്താൻ ശ്രമിച്ചവർ 

എല്ലാവരും ചേർന്ന് 

സ്നേഹത്തോടെ കൊടുത്ത വിഷം 

കുടിച്ചു മരിക്കുമ്പോൾ 

അവനിൽ ഉണ്ടാകുന്ന 

ആ തീവ്ര വേദന?


അത് ആരാലും തിരിച്ചറിയാൻ ആകാത്ത, 

ആർക്കും വേണ്ടാത്ത

 ഒരു മനുഷ്യന്റെ ആയിരം 

മരണവേദന ഒന്നിച്ചു സഹിച്ചുള്ള 

ഒരൊറ്റ മരണം തന്നെ.


തോറ്റവർ എന്നും 

അങ്ങനെ ഒക്കെ 

ചാവേണ്ടവർ ആകുന്നു..












 














സദാചാരം

 സദാചാരം 



ആചാരങ്ങളാലും 

സദാചാരങ്ങളാലും 

ദുരചാരങ്ങളാലും 

അനാചാരങ്ങളാലും 

തളർന്ന ഒരു സമൂഹത്തിൽ 

ജീവിക്കുന്ന ഒരു 

പുരുഷനും സ്ത്രീയും 

ഒരിക്കൽ ഒന്നിച്ചു 

കെട്ടിപ്പിടിച്ചു ഉമ്മവച്ചു 

ഒരു പായിൽ നേരം 

വെളുക്കുവോളം 

സമാധാനമായി 

കിടന്നുറങ്ങി.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...