ഇല്ലാത്ത അതിരുകൾ.
======================
ഇടക്കെങ്കിലും, നമുക്കിടക്കുള്ള
വേലിക്കെട്ടുകൾ തകർന്നു
ഞാൻ നീയും നീ ഞാനും ആകുന്നുണ്ട്.
നമ്മൾ അവരാകുന്നുണ്ട്.
അവർ പലരാകുന്നുണ്ട്.
എന്റെ പഴയ കീറക്കൊട്ടയിലെ
മത്സ്യം നീ വെട്ടി നുറുക്കി തിന്നുന്നുണ്ട്.
എന്റെ ചുണ്ടിലെ ചായപ്പാട്
ഉള്ള ഗ്ലാസ്സുകൾ നീ വലിച്ചു മോന്താറുണ്ട്.
എന്റെ മലം കഴുകിയ കൈകൾ
നിന്റെ പൊറോട്ടകളിൽ
അമരാറുണ്ട്.
നിന്റെ ശ്വാസം എന്റെ ശരീരത്തിൽ
പ്രവേശിക്കാറുണ്ട്.
ഞാൻ സോപ്പ് തേച്ചു കുളിച്ച
പുഴ വെള്ളം നിന്റെ തൊണ്ടയിൽ
എത്താറുണ്ട്.
നിന്റെ ശയനമുറിയിൽ എന്റെ
പങ്കയിലെ കാറ്റു നീ ഏൽക്കാറുണ്ട്.
എന്റെ പുസ്തകങ്ങൾ നിന്നോട്
കൂട്ട് കൂടാറുണ്ട്.
നിന്റെ രാജ്യത്തിന്റ പട്ടാള അതിർത്തി
കൾക്ക് മുകളിലൂടെ ഞാൻ
വിമാനം പറത്താറുണ്ട്.
എന്റെ മതിലിനുള്ളിലെ ശബ്ദങ്ങൾ
പാറിപ്പറന്നു
നിന്റെ കാതുകളിൽചുംബിക്കാറുണ്ട്.
എന്റെ വീട്ടിലെ ഇലകളും ഇതളുകളും
നിന്റെ തലയിൽ വിശ്രമിക്കാറുണ്ട്.
നിന്റെ രാജ്യത്തിലെ തോക്കുകൾ
എന്റെ രാജ്യത്തിൽ നിർമ്മിക്കാറുണ്ട്.
ഇടക്കെങ്കിലും..,
No comments:
Post a Comment