Tuesday, 20 August 2024

ഏദൻ

 ഏദൻ 

======

പ്രണയത്തെ കുറിച്ച് 

ഒന്നും പറയാതെ 

എപ്പോളും രഹസ്യമായി 

പ്രോത്സാഹിപ്പിക്കുകയും 

കൂടുതൽ വിജയങ്ങൾ 

നേടാൻ സഹായിക്കുകയും 

ചെയ്യുന്ന ഒരു കാമുകൻ 

ഉണ്ടായിരുന്നു.


അവനെ തിരിച്ചറിഞ്ഞു 

അവനടുത്തു എത്തിയപ്പോൾ 

ആണ് അറിഞ്ഞത് 

അവന്റെ തോട്ടത്തിൽ 

അങ്ങിനെ ഉള്ള ഒരു 

പാട് പൂവുകൾ വളരുന്നുണ്ടെന്ന്‌.


പിന്നീട് മൗനം എന്ന അർത്ഥം 

വരുന്ന ഒരു പൂവായി

ഞാനും ആ തോട്ടത്തിൽ 

മുളച്ചു.


Monday, 19 August 2024

നിങ്ങൾ എന്ന കവിത

 നിങ്ങൾ എന്ന കവിത.


നിങ്ങളിൽ നിങ്ങൾ 

അറിയാത്ത ഒരു കവിത ഉണ്ട്.


ഇടക്ക് കണ്ണീരായും 

നെടുവീർപ്പായും ചിന്തയായും ശ്വാസമായും അത് 

അന്തരീക്ഷത്തിലേക്കു കലർന്നു 

പടരുന്നുണ്ട്.


നിങ്ങൾ വായിച്ച കവിതകൾക്കൊ 

നിങ്ങൾക്ക് മുകളിലെ ആകാശപ്പരപ്പിനോ 

നിങ്ങളുടെ കാലടിക്കരികിലെ 

പൂക്കൾക്കോ എന്തിന് നിങ്ങളുമായി 

വളരെ അടുത്തവർക്ക്‌ പോലും അതിനെ അറിയില്ല.


നിങ്ങളെ അറിയുന്നവരിൽ 

ദുർലഭം ചിലർ നിlങ്ങളിൽ നിന്ന് ചിലപ്പോൾ

ആ കവിത 

വായിക്കുന്നുണ്ട്.-  


അവരിൽ ചിലർ അത് എഴുതുന്നുമുണ്ട്.


ഒരിക്കലും വൃത്തരൂപത്തിൽ 

എഴുതാൻ കഴിയാത്ത കവിതകളുടെ 

ചവറ്റു കൂനകൾക്ക് മാറ്റു കൂട്ടി 

അവ അങ്ങിനെ എവിടെയോ ആയി 

ചത്ത് കിടക്കുന്നു.


നിങ്ങളുടെ തന്നെ കണ്ണീരിനെയും 

നെടുവേർപ്പിനെയും ചിന്തയെയും 

ശ്വാസത്തെയും പോലെ തന്നെ.....

Sunday, 18 August 2024

മമ്മൂട്ടിയും ചൂലും

 മമ്മൂട്ടിയും ചൂലും 


ബസ് സ്റ്റാൻഡ് പുലർച്ചെ 

നാല് മണിക്ക് തന്നെ 

മുനിസിപ്പാലിറ്റിക്കാരൻ 

ചൂല് കൊണ്ട് തൂത്ത്

വൃത്തിയാക്കുന്നുണ്ട്.


നിങ്ങളുടെ ഇടയിലൂടെ 

നിങ്ങൾ താഴെക്കിട്ട മണ്ണും 

കുപ്പിയും കടലാസും എല്ലാം 

അയാൾ അടിച്ചു ഒരുമിച്ചു 

കൂട്ടി കൂപ്പയിലാക്കുന്നു.


നിങ്ങൾ മാത്രമല്ല അരികിലൂടെ 

വളഞ്ഞു ചരിഞ്ഞു പാഞ്ഞു 

പോകുന്ന ബസുകൾ പോലും 

അയാളെ കാണുന്നില്ല.


ഇന്ന് രാവിലേ സിനിമാക്കാരൻ മമ്മൂട്ടി

അവിടേക്കു ഒരു മീറ്റിങ്ങിനു

വരുന്നുണ്ട് 


അപ്പോൾ മമ്മൂട്ടിയെ കാണാൻ ജനം 

സ്റ്റാൻഡിലും മുകളിലും ആയി 

തടിച്ചു കൂടും .


ബസുകൾ ഓട്ടം നിറുത്തും 


പിന്നീട് പുലർച്ചെ രാത്രിപോലുള്ള

മുനിസിപ്പാലിറ്റി ക്കാരൻ 

മമ്മൂട്ടിയേയും നിങ്ങളുടെ 

കാലുകൾക്ക് ഇടയിൽ നിന്നും 

അടിച്ചുവാരി കൂപ്പയിലേക്ക് തള്ളും.

താങ്ങ്

 താങ്ങ്

========


ആശുപത്രിയിൽ 

മാറാ രോഗത്തിനു 

ചികിത്സയിൽ കഴിയുന്ന 

അയാൾ വെറുതേ കിടന്നു 

തന്നെ താങ്ങിയാ ആ 

ആരോ ഒരാളിനെയോ 

എന്തിനെയോ കുറിച്ച് 

അത്ഭുതത്തോടെയും 

സന്തോഷത്തോടെയും 

നന്ദിയുടെയും ആലോചിച്ചു.

.

ജോലി കിട്ടാനായി കിട്ടിയ 

താങ്ങ് ആരെയൊക്കെയോ 

ജോലി കിട്ടാൻ സഹായിച്ചത് 

കൊണ്ടാവണം.


സൽസ്വഭാവിയായ ഭാര്യയെ 

കിട്ടിയത് കുറെ സ്ത്രീ 

കളോട് മാന്യമായി 

പെരുമാറിയത് കൊണ്ടാവണം.


മക്കൾ നന്നായി പഠിക്കുന്നത് 

കുറെ കുട്ടികളെ നന്നായി 

പഠിക്കാൻ സഹായിച്ചത് 

കൊണ്ടാവണം.


എവിടെ നിന്നോ ആരോ

എന്തോ അവസാനത്തെ 

നിമിഷം ഒന്ന് താങ്ങുന്നു.


അത് എന്താണെന്നോ എവിടെ

നിന്നാണ് എന്നോ എങ്ങനെ ആണ് 

എന്നോ ചിന്തിച്ചാൽ അറിയാൻ 

ഉള്ള കഴിവ് അഥവാ അറിവ് ഇല്ല.


ഏതായാലും ഇനിയും എല്ലാവരെയും

അറിയുക തന്നെ, സഹായിക്കുക

തന്നെ.


കണ്ണ് തുടക്കുന്നതിന്നിടയിൽ 

രോഗശയ്യയിൽ കിടന്നു 

അയാൾ തീരുമാനിച്ചു.


അപ്പോളേക്കും ഒരിക്കലും 

മാറില്ലെന്നു വൈദ്യശാസ്ത്രം 

ഒന്നിച്ചു വിധി എഴുതിയ അയാളുടെ 

രോഗം പൂർണ്ണമായി മാറിയതിന്റെ 

മെഡിക്കൽ റിപ്പോർട്ടുകളുമായി 

ഹോസ്പിറ്റലിലെ ഒരു നേഴ്സ് 

അയാളുടെ റൂമിലേക്ക്‌ 

പുറപ്പെട്ടു കഴിഞ്ഞിരുന്നു.


പ്രദീപ്

Sunday, 4 August 2024

ഇല്ലായ്മ

 ഇല്ലായ്മ 

--------------


ആരുമല്ലാത്തവൻ വെറുതേ 

പാതയിലൂടെ 

നടക്കുമ്പോൾ അവനു 

വായു കൊടുത്തു കൊണ്ട് 

ആകാശം കൂടെ കൂടുന്നുണ്ട്.


ആരുമില്ലാത്തവൻ വെറും 

മണ്ണിൽ ഒരു പായും വിരിച്ചു

കിടക്കുമ്പോൾ നിലാവ് 

അവനെ പുതപ്പിക്കാറുണ്ട്.


അവനു കുളിക്കാൻ 

പുഴ.

അവനുടുക്കാൻ മരം.


അവനു തിന്നാൻ പഴം.


-എന്നാൽ മണ്ണിൽ കാൽ 

വച്ചു നടക്കാൻ ശ്രമിക്കുമ്പോൾ 

മാത്രം ആരോ എപ്പോളും 

അവനെ തള്ളി താഴേക്കു,

വീഴ്ത്തിക്കൊണ്ടേ ഇരിക്കുന്നു.

ശകലം

 ശകലം.


ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങിനെ ഇത്രഏറെ

 ആളുകൾ ഒരുമിച്ചു 

മരിക്കും?

ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങിനെ ഇത്രയേറെ 

കുട്ടികൾക്ക് 

മാരകരോഗങ്ങൾ വരും?

ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങനെ ഇത്രയേറെ പണം 

പലരുടെ കയ്യിലും ഉണ്ടായിട്ടും 

ലക്ഷങ്ങൾ പട്ടിണി കിടക്കും?


ദൈവത്തിനു താഴെ 

ഭൂമിക്കു മുകളിൽ ആയി 

മനുഷ്യ നിർമ്മിത നിയമങ്ങൾ 

നിറഞ്ഞ ലോകം..


അതിനിടക്ക്?

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...