ഒരു ദരിദ്രൻടെ കുഴിമാടം
=============================
=============================
ഒരു ദരിദ്രൻടെ കുഴിമാടം
=============================
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം-
കുഴി മാടക്കല്ലിൽ കാക്കക്കിരുന്നൂ വെറുതേ
കാകാ കരായാനോ അതോ മണ്ണുമാന്തിയന്ത്രം
തോണ്ടിമുകളിലായൊരു ആകാശക്കോട്ട
തീർക്കാനോ?
ജീവിച്ചിരിക്കെ ഒരേറുമാടം കെട്ടാനില്ലാതെ
പട്ടിണി തിന്നു പണ്ടേ മരിച്ചോരവൻ-
ഒരുവറ്റന്നത്തിനായി പട്ടികളോടൊപ്പം
എച്ചിൽ ക്കൂനകൾ നിരങ്ങിയോരവൻ-
യാചകനിരോധനമേഖലയിൽ അക്ഷരമറിയാതെ
യാചിച്ചു പോയതിനു അക്ഷരാഭ്യാസികൾ
ചെകിട്ടത്തായി ആയിരം തവണ അടിച്ചവൻ
റേഷൻ കാർഡിൽ ഐഡണ്ടിറ്റികാർഡിൽ ആധാർ
കാർഡിൽ പോലും പേരില്ലാത്തത്രയും അപ്രസക്തൻ
സത്യാന്വേഷികൾ ആയിരം തവണ കുരിശിൽ തറച്ചവൻ
ആയിരം ചാട്ടവാറടിയേറ്റു തോള് തേള് പോൽ വളച്ചവൻ -
ഉപ്പിട്ട മണ്ണിരയായവൻ
-ആയിരം മുഖം കാറിത്തുപ്പി, ഇരുട്ടിൻ കല്ലുകെട്ടിൽ
നായ കണക്കെ കാഷ്ടിച്ചു കഴിഞ്ഞവൻ
ഹൃദയം ഒഴിച്ചുള്ളൊരു കണ്ണും കിഡ്നിയും ഒക്കെയും
മുപ്പതു വെള്ളിക്കാശിന്നു മോഷ്ടിക്കപ്പെട്ടവൻ
അന്നത്തിനായി മുക്കോടി വേശ്യപെണ്ണുങ്ങളിൽ
ഒന്ന് ഭാര്യയും മകളും ആയവൻ
ജീവിച്ചിരിക്കെ ഒരു ഗാനം മൂളാൻ പോലുമാകാത്തത്രയും
ദുഃഖിതൻ ,
ആകാശവർണ്ണം പോലും കാണാനാകാത്ത
അത്രയും അന്ധൻ,
കടലിരമ്പം പോലും കേൾക്കാനാകാത്ത
അത്രയും ബധിരൻ,
ചങ്ങല കഴുത്തിൽ കുരുക്കി
നാൽക്കാലിൽ നീങ്ങി കൂട്ടിൽ കഴിയാ ൻ പോലും ആകാത്തവൻ
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം -
മണ്ണിലലിഞ്ഞൊരായിരം പട്ടിണിപ്പാവങ്ങൾ തൻ പട്ടം ചാർത്തി
പ്രകൃതിയിൽമുഴുവനായി അലിയിപ്പിക്കാതിരിക്കാനോ?
അതോ,കുഴിമാടക്കല്ലും അവനും ഒന്നെന്നു മാലോകരറിയാനോ ?
ചത്തൊരാ ദരിദ്രനെന്തിനൊരു കുഴിമാടം ?
No comments:
Post a Comment