Monday, 24 May 2021

ബോംബ്

ബോംബ്


ബോംബ് വീണു
കുഞ്ഞുങ്ങളുടെ
ശരീരം പൊട്ടി ചിതറി
എന്നിട്ടും എന്റെ
എഴുത്ത് മേശയുടെ
മുകളിലേക്ക് തെറിച്ചു
വീണൊരാ നീലച്ചതാം
കുട്ടിക്കണ്ണ്?
അതിൻ അഗാധ
നിശ്ശബ്ദ ശാന്ത നോട്ടം?
അതിലെ പരിഹാസം?
അതിൻ
ഒരിക്കലും മുഴുവനായി
വായിച്ചെടുക്കാനാകാത്ത
അർത്ഥം?





കിഴവനും കരയും

 കിഴവനും കരയും

കടൽ ഇളക്കം
കടൽ നിറം
കടൽ ആഴം
കടൽപരപ്പ്
കടൽ മീൻ
കടൽ കാക്ക
കടൽ ഭാഷ
കടൽ സ്ഥിരത
കടലാമ
കടൽ ചെടി
കരയശാന്തം
കരയിൽ മനുഷ്യർ.
കരയിലെ മനുഷ്യന്റെ
ഉള്ളിലെ ആധി,
ദുര, ക്രൂരത, അസൂയ.
തോറ്റ കിഴവൻ, തല ഉയർത്തി
ഒറ്റയ്ക്ക് ഒരു ചെറു വള്ളവും
തുഴയും ആയി
മനുഷ്യർ അധികം ഇല്ലാത്ത
കടലിലേക്ക്?














ടോക്കൺ

 ടോക്കൺ

ശ്മശാനത്തിന് മുന്നിലെ
കൗണ്ടറിൽ
നിന്നും ലഭിക്കുന്ന
ടോക്കെണിലെ
നമ്പർ എത്രയെന്നു
അതിന്റെ ഉടമ അറിയുന്നില്ല..
അങ്ങിനെയുള്ള ഒരൊറ്റ
ടോക്കൺ മാത്രം..
(അറിഞ്ഞാൽ?)




Sunday, 9 May 2021

ഒന്നാമത്തെ കവിത

ഒന്നാമത്തെ കവിത

---------------------------------------
ഒന്നാമത്തേത് വിശപ്പിൻടെ
ഒരു കവിതയാണ്.
രണ്ടാം കവിതയിൽ
സ്നേഹം എഴുതേണ്ടതായിരുന്നു
പക്ഷേ അതും വിശപ്പിൻടേതായി
മൂന്നാം കവിതയിൽ ദൈവം
ഉണ്ടാകേണ്ടതായിരുന്നു.
എഴുതി വന്നപ്പോൾ അതും
വിശപ്പിൻടേതായി .
ഇങ്ങനെ വിശപ്പിൻടെ മാത്രമായി
എഴുതപ്പെട്ട കവിതകളെല്ലാം
മുഴുമിപ്പിച്ചു വീണ്ടും
ഒരു കവിത എഴുതാനിരിക്കുന്നു
മറ്റൊരു വിഷയത്തെ കുറിച്ചെഴുതുന്ന
ഒന്നാമത്തെ കവിത.



സ്പർശം

  സ്പർശം

-----------------------------------
ഇന്നലെ ഞാൻ അവളെ
കണ്ണാൽ ഒന്നു തൊട്ടു.
മിഞ്ഞാന്നു കവിതയാൽ
ചെറുതായി ഒന്ന് തലോടി.
അഞ്ചാറു ശ്വാസം അവളായി
ഉറക്കം അവളുടെ കണ്ണായി
അവൾ കിടന്ന പായ
അവൾ പുതച്ച തുണി
അവൾക്ക് ചുറ്റും വീശിയ കാറ്റ്
അവളുടെ ശബ്ദം
അവളുടെ ലോകം
എല്ലാറ്റിലും ഞാൻ.
അവൾ അതറിഞ്ഞില്ല
എന്ന്അവൾ പറയും മുമ്പേ
അവളെ മനസ്സിൻടെ വിശാലമായ
തോപ്പിലേ ഒരു പൂവിരിച്ച
കുഴിയിൽ പുതച്ചു അതിന്
മുകളിൽ പതുക്കെ പുതുമണ്ണ്
വീശിയതും ഞാൻ?
ഇനി അടുത്ത കവിതയും
അവൾക്കായി എഴുതുക തന്നെ..




നരകം

നരകം

------------------------------------
നരകത്തിലേക്കുള്ളത്
ഉറപ്പിച്ച ഒരു യാത്ര,
എന്നാലോ , അവിടെ
ചെന്നപ്പോളാരെയും
കാണാനുമില്ല,
ഞാൻ നരകം വിധിച്ചവർ
ഇപ്പോൾ ഇവിടെ
എവിയായിട്ടാണാവോ?
നരകത്തിൽ പൂവില്ല, എന്നാൽ
ചുറ്റുപാടും ചാഞ്ഞാടും ചില
ചെറു പൂവുകൾ കാണുന്നു.
നരകത്തിലൊരു തലനാരിഴ
പ്പാലം ഉണ്ടതും കാണാനില്ല..
പകരം മൂന്നാലു മരപ്പാലം
കാണുന്നോ?
.
നരകത്തിനെന്തു സംഗീതം,
വെറുതേ ഇരുന്നു പാടുമാ
കുയിൽ എവിടുന്നു വന്നതാണാവോ?
നരകത്തിന്നൊരു വാതിൽ
ഉണ്ടതീ സമതല പ്രദേശത്തിൽ
എന്തിനാണാവോ?
നരകത്തിൽ കണക്കു പുസ്തകമായി
ഉള്ള മനസ്സുകളുടെ ഭാഷ പഠിച്ച
വിജ്ഞാനി എവിടെ യാ വെള്ളത്തിൽ
നീന്തും പുരോഹിതനാകുമോ?
നരകത്തിൽ ഇട്ടു വറക്കും വല്യ
തീ ചട്ടിയും കൈയിലും എവിടെ,
സുഹൃത്തേ?
നരകത്തിൽ സുന്ദരികളായ സ്ത്രീകളും
ഞാനും മാത്രമായ് ഉള്ളതെന്തിനാണാവോ?
ഇനി പുരോഹിതരും സ്ത്രീകളും
ചേർന്നാൽ എനിക്കുള്ള നരകമായി
യെന്നാണോ?
നരകത്തിൻടെ ദൈവമേ?





Tuesday, 20 April 2021

എന്റെ രണ്ടാമത്തെ താമസം

 എന്റെ രണ്ടാമത്തെ താമസം

----------------------------
എന്റെ നെഞ്ചിനു തൊട്ടായി,
ഒരു
ചെറു മുറിയുണ്ടതിന്നു
സ്നേഹവേലിയാകാശം കുട.
എന്നും ആ വീട്ടിലുണ്ടോരാൾ
വരുന്നോരെ എല്ലാരേം
ആവോളം മനസ്സിലാക്കാനും
പ്രോത്സാഹിപ്പിക്കാനുമായ്..
അതിലേക്കെത്താമെല്ലാ
അശരണർക്കു-
മേതുനേരവും തെല്ലു
വിശ്രമിക്കാമിത്തിരി
ദാഹജലം മോന്താം,
വേണേലുള്ളിൽ ഊറും
ഒരു ചെറു കവിതയും പാടാം..
അവിടത്തെ മരക്കട്ടിലിൽ
കിടക്കാമാവോളം ദിനം
മാറ്റാമെല്ലാ വേദനകളും.
അവിടത്തെ മൃഗവും പുഴയും
കിളിയുമായൊരു ചെറു
ചങ്ങാത്തവുമാവാം..
ഈ മുറിയിൽ നിന്നൊരു
ചെറു തരിമണ്ണ് നിനക്കായി
എടുക്കാമതിൽ പണിതുടങ്ങാ-
മൊരു ചെറു മുറി, നിങ്ങൾ തൻ
നെഞ്ചോരത്തും..
നെഞ്ചിലെ മുറിവുകൾ
ഉണ്ടാക്കിയ മുറിയതു
എക്കാലവും എല്ലാരുടേം
മുറിവാറ്റുമൊരു ചെറുമുറി!
നിങ്ങൾ അറിയാത്ത
നിങ്ങളെ അറിയുന്ന
ആഴമുള്ള മുറിവുകൾ
കൊണ്ട് കഴിക്കോൽ
കെട്ടിയാഗൃഹത്തിന്
വാതിലില്ല.
അവിടമുണ്ടാകും കണ്ണാടി
അതിൽ കാണും നിൻ
നേരിന്റെ നേർരൂപം.
അവിടേക്കെത്തുന്നത്
കുഞ്ഞു രൂപ മനസ്സുകൾ
മാത്രമവിടെ വസിപ്പതും
മൺമറയുന്നതും അവരത്രെ.
ചോരകൊണ്ടും
പണിതൊരു ചെറുവീടത്,
അവിടമുണ്ടാകില്ലൊരാരധനാലയം
ക്ഷമിക്കുക..
നാളത്തെ ലോകത്തിന്റെ ആദ്യത്തെ
മുറിയത്,
നാളത്തെ ലോകത്തിൽ
ഉണ്ടാവില്ല രാജ്യങ്ങൾ, വേലികൾ,
മതം, രാഷ്ട്രീയം ഉണ്ടാവുന്നത്
ഏവെർക്കും എന്നേരവും
പാർക്കാനാകും ചെറു
മുറികൾ മാത്രവും.
ഒന്നാമത്തെ വീട്ടിന്നരികത്തായി
ആ മുറി, അവിടെനിനക്കെന്നിലെ
എന്നേ കാണാം, എന്നെയറിയാം
നിനക്കെല്ലാരുമായ് ഒരേ
ആഹ്ലാദത്തെ പങ്കിടാം,
മനുഷ്യാ നീ ഉടനിവിടെക്കായി
എത്തുമോ?
എന്നേ കാണുമ്പോൾ നീ
എന്നേ ബന്ധിച്ച ഇരുമ്പ് ചങ്ങല
മറക്കുക..
എന്റെ പിറകിലായി വച്ചൊരാ
മരുന്നിൻ ഭാണ്ടവും പിന്നെ
തട്ടിയ പാത്രത്തിലെ മണ്ണ് കലർന്നോരാ
അന്നവും മലമൂത്രം നിറഞ്ഞൊരാ
കീറിയ വസ്ത്രവും മറക്കുക..
പിന്നെ എന്നിലെ തിരുമുറിവുകളും
എന്റെ അട്ടഹാസവും കരച്ചിലും
മറന്നു എന്റെ നെഞ്ചോരത്തിൻ
അകത്തെ പൊട്ടിച്ചിരിക്കും
ആളിനെ അറിയു(മോ?)ക.
ഒരു ഉത്തമ സ്വപ്ന സൗധം
പോലതെങ്കിലും ഒന്നാമത്തെ
വീടിന്നരികെയായിപ്പോയ്..








ഒരു കാമുകിയുടെ മരണം.

 ഒരു കാമുകിയുടെ മരണം.

--------------------------------------------
അവളും മരിച്ചു.
അവളോർമ്മ കവിതയായി
പിച്ച വെക്കുന്നു
അവളെ ജനിപ്പിച്ചതും
വളർത്തിയതും
പിന്നെ പ്രേമിച്ചതും
ഒടുവിൽ അസൂയ മൂത്തു
കൊന്നു കുഴിയിലിട്ടതും
ഞാൻ ആണ്.
അവൾ അങ്ങനെയാണ് എന്റെ
മരണകിടകക്കരികെ ഇരുന്നു
എന്നോട് പറഞ്ഞത്.
എന്റെ സുഖമരണത്തിനു
അവൾക്കു എന്നോട്
കൂട്ടിരിയ്ക്കേണമെന്നും
അവൾ.
എന്റെ മരണം മാത്രം അവളുടെ ഒരു
പ്രേമ നിമിഷത്തിൽ ആകാൻ
അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നു.
അതിന് ശേഷം അവൾ?
(ഇവിടെയാണ് ആ പ്രശ്നത്തിന്റെ
ഒടുക്കതുടക്കം.)
------------------------------------------------
അവളെ കുറേക്കൂടി
നേരത്തെ ഒന്ന്
കൂടി ക്രൂരമായി
കൊല്ലാമായിരുന്നു.
(എന്റെ പ്രണയനിമിഷത്തിലെ
അനാവശ്യവും അതി നിഗൂഢവുമായ
ലോലഭാവത്തെ അവൾ ഒരു
മജീഷ്യനെപ്പോലെ അറിഞ്ഞന്ന് തന്നെ
അവൾ തീർന്നതാണ്....)
എന്നാൽ ഇത്തവണയും
പ്രകൃതി അവൾക്കൊപ്പമാണ്..
പുരുഷൻ പ്രകൃതിയിലെ
അധികപ്പറ്റ്‌.
-------------------------------------------------
ഇനി അവളുടെ പൊട്ടിച്ചിരിയുടെ
അല ഇല്ലാത്ത നരകം
അഥവാ എന്റെ പ്രിയ സ്വർഗം
എവിടെയാണ്?
അതിനുത്തരം അവൾ എന്ന പഴയ
കാമുകിയോട് തന്നെ ചോദിക്കുക
തന്നെ..
ഒരു തരി ദയ അവൾ വച്ചു
നീട്ടുമ്പോൾ സംഭവിക്കുന്നത്
ഒരു മനുഷ്യന്റെ
സുഖമരണമാണല്ലോ..





Thursday, 15 April 2021

തെറ്റ്

 


തെറ്റ്


മരങ്ങൾ തെറ്റ് ചെയ്യാറില്ല


കിളികളും പുഴയും തെറ്റ്കാരല്ല.

എന്നാൽ ദൈവം ഒരു 

തെറ്റുനോക്കി ജീവിയാണ്,


 മത പുസ്തകത്തെയും

നിയമ പുസ്തകത്തെയും

പോലെ.


തെറ്റ് അടയാളരൂപത്തിൽ

ഉത്തരക്കടലാസ്സിൽ നിറഞ്ഞു

 നിൽക്കുന്നു.


നീ തെറ്റരുത് -

 മനസ്സ് -എന്നാൽ ചുറ്റും 

തെറ്റിൻടെ മാത്രം അന്തരീക്ഷം 


പുറത്തേക്കു ശരിയെന്നു മാത്രം 

പറഞ്ഞു അകത്തു തെറ്റ് മാത്രം 

ചെയ്യുന്നോർ 


ഞാൻ തെറ്റും..

ഞാൻ തെറ്റും..

ഇനിയും ഞാൻ തെറ്റും.


എൻടെ  മനസ്സിലും ഒരു മരമുണ്ട്. 

ഒരു കിളിയുണ്ട്.ഒരു പുഴയുണ്ട്.


ഞാൻ ഇനിയും തെറ്റും.


നിങ്ങൾ ഈ തെറ്റുകാരനെ

കൊന്നേക്കുക...

എന്നാൽ എന്നേ തെറ്റുകാരനാകാൻ

 വിധം പടച്ച എല്ലാത്തിനെയും

 വെറുതേ വിടുക..

(നിനക്കതിനെ കഴിയൂ ! )


നീ  കവിതകളിൽ പക്ഷേ 

ആകെ തെറ്റാണല്ലോ..


അവർ വീണ്ടും ..

ഞാൻ മൗനം.



പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...