എന്റെ രണ്ടാമത്തെ താമസം
----------------------------
എന്റെ നെഞ്ചിനു തൊട്ടായി,
ഒരു
ചെറു മുറിയുണ്ടതിന്നു
സ്നേഹവേലിയാകാശം കുട.
എന്നും ആ വീട്ടിലുണ്ടോരാൾ
വരുന്നോരെ എല്ലാരേം
ആവോളം മനസ്സിലാക്കാനും
പ്രോത്സാഹിപ്പിക്കാനുമായ്..
അതിലേക്കെത്താമെല്ലാ
അശരണർക്കു-
മേതുനേരവും തെല്ലു
വിശ്രമിക്കാമിത്തിരി
ദാഹജലം മോന്താം,
വേണേലുള്ളിൽ ഊറും
ഒരു ചെറു കവിതയും പാടാം..
അവിടത്തെ മരക്കട്ടിലിൽ
കിടക്കാമാവോളം ദിനം
മാറ്റാമെല്ലാ വേദനകളും.
അവിടത്തെ മൃഗവും പുഴയും
കിളിയുമായൊരു ചെറു
ചങ്ങാത്തവുമാവാം..
ഈ മുറിയിൽ നിന്നൊരു
ചെറു തരിമണ്ണ് നിനക്കായി
എടുക്കാമതിൽ പണിതുടങ്ങാ-
മൊരു ചെറു മുറി, നിങ്ങൾ തൻ
നെഞ്ചോരത്തും..
നെഞ്ചിലെ മുറിവുകൾ
ഉണ്ടാക്കിയ മുറിയതു
എക്കാലവും എല്ലാരുടേം
മുറിവാറ്റുമൊരു ചെറുമുറി!
നിങ്ങൾ അറിയാത്ത
നിങ്ങളെ അറിയുന്ന
ആഴമുള്ള മുറിവുകൾ
കൊണ്ട് കഴിക്കോൽ
കെട്ടിയാഗൃഹത്തിന്
വാതിലില്ല.
അവിടമുണ്ടാകും കണ്ണാടി
അതിൽ കാണും നിൻ
നേരിന്റെ നേർരൂപം.
അവിടേക്കെത്തുന്നത്
കുഞ്ഞു രൂപ മനസ്സുകൾ
മാത്രമവിടെ വസിപ്പതും
മൺമറയുന്നതും അവരത്രെ.
ചോരകൊണ്ടും
പണിതൊരു ചെറുവീടത്,
അവിടമുണ്ടാകില്ലൊരാരധനാലയം
ക്ഷമിക്കുക..
നാളത്തെ ലോകത്തിന്റെ ആദ്യത്തെ
മുറിയത്,
നാളത്തെ ലോകത്തിൽ
ഉണ്ടാവില്ല രാജ്യങ്ങൾ, വേലികൾ,
മതം, രാഷ്ട്രീയം ഉണ്ടാവുന്നത്
ഏവെർക്കും എന്നേരവും
പാർക്കാനാകും ചെറു
മുറികൾ മാത്രവും.
ഒന്നാമത്തെ വീട്ടിന്നരികത്തായി
ആ മുറി, അവിടെനിനക്കെന്നിലെ
എന്നേ കാണാം, എന്നെയറിയാം
നിനക്കെല്ലാരുമായ് ഒരേ
ആഹ്ലാദത്തെ പങ്കിടാം,
മനുഷ്യാ നീ ഉടനിവിടെക്കായി
എത്തുമോ?
എന്നേ കാണുമ്പോൾ നീ
എന്നേ ബന്ധിച്ച ഇരുമ്പ് ചങ്ങല
മറക്കുക..
എന്റെ പിറകിലായി വച്ചൊരാ
മരുന്നിൻ ഭാണ്ടവും പിന്നെ
തട്ടിയ പാത്രത്തിലെ മണ്ണ് കലർന്നോരാ
അന്നവും മലമൂത്രം നിറഞ്ഞൊരാ
കീറിയ വസ്ത്രവും മറക്കുക..
പിന്നെ എന്നിലെ തിരുമുറിവുകളും
എന്റെ അട്ടഹാസവും കരച്ചിലും
മറന്നു എന്റെ നെഞ്ചോരത്തിൻ
അകത്തെ പൊട്ടിച്ചിരിക്കും
ആളിനെ അറിയു(മോ?)ക.
No comments:
Post a Comment