Tuesday, 20 April 2021

എന്റെ രണ്ടാമത്തെ താമസം

 എന്റെ രണ്ടാമത്തെ താമസം

----------------------------
എന്റെ നെഞ്ചിനു തൊട്ടായി,
ഒരു
ചെറു മുറിയുണ്ടതിന്നു
സ്നേഹവേലിയാകാശം കുട.
എന്നും ആ വീട്ടിലുണ്ടോരാൾ
വരുന്നോരെ എല്ലാരേം
ആവോളം മനസ്സിലാക്കാനും
പ്രോത്സാഹിപ്പിക്കാനുമായ്..
അതിലേക്കെത്താമെല്ലാ
അശരണർക്കു-
മേതുനേരവും തെല്ലു
വിശ്രമിക്കാമിത്തിരി
ദാഹജലം മോന്താം,
വേണേലുള്ളിൽ ഊറും
ഒരു ചെറു കവിതയും പാടാം..
അവിടത്തെ മരക്കട്ടിലിൽ
കിടക്കാമാവോളം ദിനം
മാറ്റാമെല്ലാ വേദനകളും.
അവിടത്തെ മൃഗവും പുഴയും
കിളിയുമായൊരു ചെറു
ചങ്ങാത്തവുമാവാം..
ഈ മുറിയിൽ നിന്നൊരു
ചെറു തരിമണ്ണ് നിനക്കായി
എടുക്കാമതിൽ പണിതുടങ്ങാ-
മൊരു ചെറു മുറി, നിങ്ങൾ തൻ
നെഞ്ചോരത്തും..
നെഞ്ചിലെ മുറിവുകൾ
ഉണ്ടാക്കിയ മുറിയതു
എക്കാലവും എല്ലാരുടേം
മുറിവാറ്റുമൊരു ചെറുമുറി!
നിങ്ങൾ അറിയാത്ത
നിങ്ങളെ അറിയുന്ന
ആഴമുള്ള മുറിവുകൾ
കൊണ്ട് കഴിക്കോൽ
കെട്ടിയാഗൃഹത്തിന്
വാതിലില്ല.
അവിടമുണ്ടാകും കണ്ണാടി
അതിൽ കാണും നിൻ
നേരിന്റെ നേർരൂപം.
അവിടേക്കെത്തുന്നത്
കുഞ്ഞു രൂപ മനസ്സുകൾ
മാത്രമവിടെ വസിപ്പതും
മൺമറയുന്നതും അവരത്രെ.
ചോരകൊണ്ടും
പണിതൊരു ചെറുവീടത്,
അവിടമുണ്ടാകില്ലൊരാരധനാലയം
ക്ഷമിക്കുക..
നാളത്തെ ലോകത്തിന്റെ ആദ്യത്തെ
മുറിയത്,
നാളത്തെ ലോകത്തിൽ
ഉണ്ടാവില്ല രാജ്യങ്ങൾ, വേലികൾ,
മതം, രാഷ്ട്രീയം ഉണ്ടാവുന്നത്
ഏവെർക്കും എന്നേരവും
പാർക്കാനാകും ചെറു
മുറികൾ മാത്രവും.
ഒന്നാമത്തെ വീട്ടിന്നരികത്തായി
ആ മുറി, അവിടെനിനക്കെന്നിലെ
എന്നേ കാണാം, എന്നെയറിയാം
നിനക്കെല്ലാരുമായ് ഒരേ
ആഹ്ലാദത്തെ പങ്കിടാം,
മനുഷ്യാ നീ ഉടനിവിടെക്കായി
എത്തുമോ?
എന്നേ കാണുമ്പോൾ നീ
എന്നേ ബന്ധിച്ച ഇരുമ്പ് ചങ്ങല
മറക്കുക..
എന്റെ പിറകിലായി വച്ചൊരാ
മരുന്നിൻ ഭാണ്ടവും പിന്നെ
തട്ടിയ പാത്രത്തിലെ മണ്ണ് കലർന്നോരാ
അന്നവും മലമൂത്രം നിറഞ്ഞൊരാ
കീറിയ വസ്ത്രവും മറക്കുക..
പിന്നെ എന്നിലെ തിരുമുറിവുകളും
എന്റെ അട്ടഹാസവും കരച്ചിലും
മറന്നു എന്റെ നെഞ്ചോരത്തിൻ
അകത്തെ പൊട്ടിച്ചിരിക്കും
ആളിനെ അറിയു(മോ?)ക.
ഒരു ഉത്തമ സ്വപ്ന സൗധം
പോലതെങ്കിലും ഒന്നാമത്തെ
വീടിന്നരികെയായിപ്പോയ്..








ഒരു കാമുകിയുടെ മരണം.

 ഒരു കാമുകിയുടെ മരണം.

--------------------------------------------
അവളും മരിച്ചു.
അവളോർമ്മ കവിതയായി
പിച്ച വെക്കുന്നു
അവളെ ജനിപ്പിച്ചതും
വളർത്തിയതും
പിന്നെ പ്രേമിച്ചതും
ഒടുവിൽ അസൂയ മൂത്തു
കൊന്നു കുഴിയിലിട്ടതും
ഞാൻ ആണ്.
അവൾ അങ്ങനെയാണ് എന്റെ
മരണകിടകക്കരികെ ഇരുന്നു
എന്നോട് പറഞ്ഞത്.
എന്റെ സുഖമരണത്തിനു
അവൾക്കു എന്നോട്
കൂട്ടിരിയ്ക്കേണമെന്നും
അവൾ.
എന്റെ മരണം മാത്രം അവളുടെ ഒരു
പ്രേമ നിമിഷത്തിൽ ആകാൻ
അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നു.
അതിന് ശേഷം അവൾ?
(ഇവിടെയാണ് ആ പ്രശ്നത്തിന്റെ
ഒടുക്കതുടക്കം.)
------------------------------------------------
അവളെ കുറേക്കൂടി
നേരത്തെ ഒന്ന്
കൂടി ക്രൂരമായി
കൊല്ലാമായിരുന്നു.
(എന്റെ പ്രണയനിമിഷത്തിലെ
അനാവശ്യവും അതി നിഗൂഢവുമായ
ലോലഭാവത്തെ അവൾ ഒരു
മജീഷ്യനെപ്പോലെ അറിഞ്ഞന്ന് തന്നെ
അവൾ തീർന്നതാണ്....)
എന്നാൽ ഇത്തവണയും
പ്രകൃതി അവൾക്കൊപ്പമാണ്..
പുരുഷൻ പ്രകൃതിയിലെ
അധികപ്പറ്റ്‌.
-------------------------------------------------
ഇനി അവളുടെ പൊട്ടിച്ചിരിയുടെ
അല ഇല്ലാത്ത നരകം
അഥവാ എന്റെ പ്രിയ സ്വർഗം
എവിടെയാണ്?
അതിനുത്തരം അവൾ എന്ന പഴയ
കാമുകിയോട് തന്നെ ചോദിക്കുക
തന്നെ..
ഒരു തരി ദയ അവൾ വച്ചു
നീട്ടുമ്പോൾ സംഭവിക്കുന്നത്
ഒരു മനുഷ്യന്റെ
സുഖമരണമാണല്ലോ..





Thursday, 15 April 2021

തെറ്റ്

 


തെറ്റ്


മരങ്ങൾ തെറ്റ് ചെയ്യാറില്ല


കിളികളും പുഴയും തെറ്റ്കാരല്ല.

എന്നാൽ ദൈവം ഒരു 

തെറ്റുനോക്കി ജീവിയാണ്,


 മത പുസ്തകത്തെയും

നിയമ പുസ്തകത്തെയും

പോലെ.


തെറ്റ് അടയാളരൂപത്തിൽ

ഉത്തരക്കടലാസ്സിൽ നിറഞ്ഞു

 നിൽക്കുന്നു.


നീ തെറ്റരുത് -

 മനസ്സ് -എന്നാൽ ചുറ്റും 

തെറ്റിൻടെ മാത്രം അന്തരീക്ഷം 


പുറത്തേക്കു ശരിയെന്നു മാത്രം 

പറഞ്ഞു അകത്തു തെറ്റ് മാത്രം 

ചെയ്യുന്നോർ 


ഞാൻ തെറ്റും..

ഞാൻ തെറ്റും..

ഇനിയും ഞാൻ തെറ്റും.


എൻടെ  മനസ്സിലും ഒരു മരമുണ്ട്. 

ഒരു കിളിയുണ്ട്.ഒരു പുഴയുണ്ട്.


ഞാൻ ഇനിയും തെറ്റും.


നിങ്ങൾ ഈ തെറ്റുകാരനെ

കൊന്നേക്കുക...

എന്നാൽ എന്നേ തെറ്റുകാരനാകാൻ

 വിധം പടച്ച എല്ലാത്തിനെയും

 വെറുതേ വിടുക..

(നിനക്കതിനെ കഴിയൂ ! )


നീ  കവിതകളിൽ പക്ഷേ 

ആകെ തെറ്റാണല്ലോ..


അവർ വീണ്ടും ..

ഞാൻ മൗനം.



അന്ത്യകൂദാശക്കു മുമ്പത്തെ അമ്മായിയപ്പൻ.

 അന്ത്യകൂദാശക്കു

മുമ്പത്തെ അമ്മായിയപ്പൻ.

=======================

അമ്മായിയപ്പൻ നായരാണ്.

 ആകെ കറുത്ത്  മെലിഞ്ഞ ഒരു രൂപം.

അമ്മായിയപ്പൻ പത്തു പൈസ

 ചിലവാക്കില്ല.

പക്ഷേ, മകളുടെ മുന്നിൽ

ഒരു ദാന ക്രിസ്തുവായിട്ടാണ്

 നിൽപ്പ്.

അമ്മായിയപ്പൻ വയ്യാത്തൊരാളാണ്.

എന്നാൽ എന്നും സ്വന്തം

വ്യായാമത്തിനായി മാത്രം

അമ്മായിയപ്പൻ 30 മിനുട്ട്

കൈക്കോട്ടു കളക്കും.

അമ്മായിയപ്പൻ സ്വന്തം ഭാര്യ

വീട്ടിൽ പോകാറില്ല, 

എന്നാൽ മകളെയും 

 ഭർത്താവിനെയും 

അമ്മായിയപ്പൻ കൂടെ

നിറുത്തുന്നു.

അമ്മായിയപ്പൻ മകളെ

സ്വന്തം കാര്യം നടത്തുന്ന

ഒരു പാവയാക്കിയാണ്

വളർത്തിയത്.

മകൾക്കു ഒരു സർക്കാർ

 ജോലി കിട്ടിയ ഉടനെ അയാൾ

മകൾക്കായി സ്വന്തം ചെലവിൽ

 എന്ന പോലെ വീട്ടിന്നരികെ 

ഒരുവീട് വച്ചു..

അടുക്കള പണിയിനത്തിൽ തന്നെ

അമ്മായിയപ്പന് ഈ ഇനത്തിൽ

പതിനായിരം രൂപ ലാഭം.


ഒരിക്കൽ അമ്മായിയപ്പൻടെ  ഭാര്യ 

 ആശുപത്രിയിൽ ആയപ്പോൾ

അഞ്ചു ബന്ധുക്കൾ  ആണ് 

അവർക്കുള്ള  ചികിത്സാ

ചിലവുമായി വരി നിന്നത്.


അമ്മായിയപ്പൻ ഈ

 കാശൊക്കെ വാങ്ങിവച്ചു 

മെഡിക്കൽ ഇൻഷുറൻസ്

ഉപയോഗിച്ചാണ് പണമടച്ചത്.

.............................................

ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക്

 പള്ളിക്കു മുന്നിലെ ഒരു

 ഇടവഴിയിൽ വച്ചാണ് 

അമ്മായിയപ്പൻടെ ശരീരത്തിൽ

ആരോ തലങ്ങും വിലങ്ങും

കാല് കൊണ്ടും കൈകൊണ്ടും

മതിയാവോളം അന്ത്യക്കൂദാശ 

നടത്തിയത്.

എന്നാൽ ഈശോ മിശിഹാക്ക്

സ്തോത്രം

എന്നു മാത്രമാണ്  ഇതിനെക്കുറിച്ച്

 ചോദിച്ചപ്പോൾ

മരുമകൻ രാജൻ പോലീസിനോട്

പറഞ്ഞത്!




Thursday, 8 April 2021

പന്ത്

 പന്ത്

-----------------------------------------
ആദ്യം വാങ്ങിയത്
ചെറിയ ചോന്ന റബ്ബർ
പന്തായിരുന്നു.
അത് വിണ്ടു പൊട്ടിയാൽ
പിന്നെ അടുത്ത പന്ത്
വാങ്ങാൻ കാശു ചോദിച്ചാ
-ലടി പൊട്ടും.
അടുത്ത പന്ത് വാങ്ങും
വരെയോ, ആരെങ്കിലും
തൊണക്കാർ കൊണ്ട്
വരും വരെയോ കടലാസ്
കൊണ്ട് ചെറിയ പൊതി
ക്കയറും ചുറ്റിയുണ്ടാക്കും
പന്ത്.
താഴെക്കിട്ടാൽ പൊന്താത്ത
പന്ത് ,
തട്ടിയാൽ ഭാഗങ്ങൾ ഊർന്നു
വീഴും പന്ത് .
ക്രിക്കറ്റിന് മടക്കണ ബാറ്റ്
ഷട്ടിലിന് പുളിങ്കൊമ്പ്‌
വിക്കറ്റിന് വേലിമരം
നെറ്റിനു വാഴനാര്
കുളി പോലെ നേരവും
സമയവും ഇല്ലാതെ കളി
ഫുട്ബോൾ പിരിച്ചെടുത്തു
വാങ്ങിയത് പൊട്ടിയാൽ
പിന്നേം തുന്നിയ പന്ത്
ബ്ളാഡർ പൊട്ടിയാൽ
മാറ്റിയ ബ്ലാഡ്ഡർ ഉള്ള പന്ത്
കളിക്കളമാരാൻടെതൊടി ,
അടുത്ത വീട്ടിലെ പഴുത്ത ചക്ക
ഇൻടെർവെല്ലിന്.
ചരലിൽ കുതിച്ചു പായാനും
വെട്ടിച്ചു മുന്നേറാനും കാലിൽ
എന്തിന് ഷൂ?
ദേഷ്യം വന്നാൽ കൂട്ടിയടി.
ഇങ്ങോട്ട് ഫൗൾ ചെയ്‌താൽ
മാത്രം അങ്ങോട്ടും ഫൗൾ.
കളിക്കാൻ പറ്റിയില്ലെങ്കിൽ
കളി കാണൽ.
കളി കണ്ടു കളി കണ്ടു
ഒരു വിജയനുണ്ടായ പോലെ,
എത്ര പതിനായിരം വിജയന്മാർ
കളിയും കണ്ടു കാലും തരിച്ചു
പുറത്തിരിക്കുന്നു?
*******************************-
ഇന്ന്, പന്ത് റിച്ചാർഡ്സ്
രീതിയിൽ, എതിർ ടീമിൻടെ
മുഖത്തടിക്കും പോലെ
തൊടുക്കും സിക്സുകൾ
അതിർത്തിയും കടന്നു
ഉരുണ്ടു പിരണ്ട്‌
ചെന്ന് നിൽക്കുന്നതാം
മനസ്സിലെ പഴയ കളിപ്പാടം.
കളിയാവേശത്തിന്
മരണവും വാർധക്യവും ഇല്ല...
എന്നും എന്നും യൗവനം മാത്രം....
=======================================T
(Nb
ഫൈവ്സ് ടർഫ് ഗ്രൗണ്ടിൽ ആയിരങ്ങൾ ചിലവാക്കി ഫുട്ബോൾ കളിക്കുന്നവർ ലോങ്ങ്‌ റേഞ്ച് ഷോട്ടുകൾ എവിടെയെങ്കിലും പോയി പ്രാക്റ്റീസ് ചെയ്യുക....
വിജയനും മറ്റും ലെവൻസ് ഗ്രൗണ്ടിന്റെ സെന്ററിൽ നിന്ന് തന്നെ ഗോൾ തൊടുക്കാൻ കഴിവുള്ളവർ ആയിരുന്നു. )





മഞ്ചാടി

 മഞ്ചാടി

മഞ്ചാടി ഒരു നിഴൽ ചെടി പോലെ,
വീട്ടു വളപ്പിലെ വഴിയരുകിൽ..
മുറ്റത്തു ഓടിക്കളിക്കുന്നതും
കൊച്ചി കളിക്കുന്നതും
പന്ത് കളിക്കുന്നതും
വട്ടോടിക്കുന്നതും കണ്ട്..
സൈക്കിൾ ചവിട്ടുന്നതും
ഹാൻസും വച്ച് പോകുന്നതും
ഹാൻഡ് സെറ്റു ചെവിയിൽ വച്ചു
പോകുന്നതും കണ്ട്..
കാറോടിക്കുന്നതും
ബൈക്കോടിക്കുന്നതും
കല്യാണം കഴിച്ചതും
ആശുപത്രിയിൽ
പോകുന്നത്തും
മരിച്ചു കൊണ്ടു
പോകുന്നതും കണ്ട്..
പിന്നെയും കുട്ടികൾ കളിക്കുന്നതും
സ്കൂളിൽ പോകുംന്നതും കണ്ട്..
ഞാൻ അറിയാത്ത, എന്നേ
അപ്പാടെ അറിയുന്ന മഞ്ചാടി.
മഞ്ചാടിചെടിയുടെ മുകളിൽ
പറന്നിരുന്ന കിളിയോട്,
വീണ്ടും വീണ്ടും വരാൻ
രഹസ്യമായി
ക്ഷണിച്ചു കൊണ്ട്..
മുറ്റത്തു മഞ്ചാടി മണി
പൊഴിച്ചു കൊണ്ട്...
പൊട്ടിയ ചില്ലയിൽ വീണ്ടും ഇല
വിരിയിച്ചും കൊണ്ട്....
.
സ്നേഹത്തിനും ബന്ധത്തിനും
ഭാഷയും ജീവനും മജ്ജയും ഒന്നും
വേണ്ടെന്നു കിളിയോട്,
പാടാതെ പാടി....






ലൈക്ക്
അഭിപ്രായം

പരിണാമം


 പരിണാമം

==============

മനുഷ്യൻ പരിണമിച്ചു
കുരങ്ങായപ്പോൾ
മറ്റു കുരങ്ങന്മാർ,

സഹിക്കാനാകാതെ
കുരങ്ങു സന്യാസിമാരായി.











പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...