പന്ത്
-----------------------------------------
ആദ്യം വാങ്ങിയത്
ചെറിയ ചോന്ന റബ്ബർ
പന്തായിരുന്നു.
അത് വിണ്ടു പൊട്ടിയാൽ
പിന്നെ അടുത്ത പന്ത്
വാങ്ങാൻ കാശു ചോദിച്ചാ
-ലടി പൊട്ടും.
അടുത്ത പന്ത് വാങ്ങും
വരെയോ, ആരെങ്കിലും
തൊണക്കാർ കൊണ്ട്
വരും വരെയോ കടലാസ്
കൊണ്ട് ചെറിയ പൊതി
ക്കയറും ചുറ്റിയുണ്ടാക്കും
പന്ത്.
താഴെക്കിട്ടാൽ പൊന്താത്ത
പന്ത് ,
തട്ടിയാൽ ഭാഗങ്ങൾ ഊർന്നു
വീഴും പന്ത് .
ക്രിക്കറ്റിന് മടക്കണ ബാറ്റ്
ഷട്ടിലിന് പുളിങ്കൊമ്പ്
വിക്കറ്റിന് വേലിമരം
നെറ്റിനു വാഴനാര്
കുളി പോലെ നേരവും
സമയവും ഇല്ലാതെ കളി
ഫുട്ബോൾ പിരിച്ചെടുത്തു
വാങ്ങിയത് പൊട്ടിയാൽ
പിന്നേം തുന്നിയ പന്ത്
ബ്ളാഡർ പൊട്ടിയാൽ
മാറ്റിയ ബ്ലാഡ്ഡർ ഉള്ള പന്ത്
കളിക്കളമാരാൻടെതൊടി ,
അടുത്ത വീട്ടിലെ പഴുത്ത ചക്ക
ഇൻടെർവെല്ലിന്.
ചരലിൽ കുതിച്ചു പായാനും
വെട്ടിച്ചു മുന്നേറാനും കാലിൽ
എന്തിന് ഷൂ?
ദേഷ്യം വന്നാൽ കൂട്ടിയടി.
ഇങ്ങോട്ട് ഫൗൾ ചെയ്‌താൽ
മാത്രം അങ്ങോട്ടും ഫൗൾ.
കളിക്കാൻ പറ്റിയില്ലെങ്കിൽ
കളി കാണൽ.
കളി കണ്ടു കളി കണ്ടു
ഒരു വിജയനുണ്ടായ പോലെ,
എത്ര പതിനായിരം വിജയന്മാർ
കളിയും കണ്ടു കാലും തരിച്ചു
പുറത്തിരിക്കുന്നു?
*******************************-
ഇന്ന്, പന്ത് റിച്ചാർഡ്സ്
രീതിയിൽ, എതിർ ടീമിൻടെ
മുഖത്തടിക്കും പോലെ
തൊടുക്കും സിക്സുകൾ
അതിർത്തിയും കടന്നു
ഉരുണ്ടു പിരണ്ട്
ചെന്ന് നിൽക്കുന്നതാം
മനസ്സിലെ പഴയ കളിപ്പാടം.
കളിയാവേശത്തിന്
മരണവും വാർധക്യവും ഇല്ല...
No comments:
Post a Comment