Thursday, 18 August 2022

ബസ്

 ബസ്


============

ബസ് സ്റ്റോപ്പിൽ എത്തി

ഞാൻ കയറും മുമ്പേ

എവിടെയോ കിടന്നു

കുറച്ചു നേരം

വിശ്രമിച്ചിട്ടുണ്ടാവണം.


നാളത്തെ യാത്രക്കായി

ഇന്നത്തെ യാത്ര

എവിടയോ ചെന്ന് അവസാനിപ്പിക്കുന്നുണ്ടാവേണം..


ഞാൻ കയറുമ്പോളും

 അതിന് മുമ്പും

ആരൊക്കെയോ കയറുന്നുണ്ട്.


അവർ എവിടെയൊക്കെയോ ഇറങ്ങി.


ബസ്സിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ട്.

പിന്നെ കുറച്ചു സ്കൂൾ കുട്ടികൾ.

ജോലിക്കാരായ സ്ത്രീകൾ.

സർക്കാർ ആശുപത്രിയിലേക്ക്

പോകുന്ന രോഗികൾ.

ബസ്സ് മുഴുവൻ തന്റെ നിയന്ത്രണത്തിൽ

ആണ് എന്ന് ഡ്രൈവർ.

എന്നാൽ പെട്രോൾ ഉണ്ടാകുന്നതു

എവിടെയൊക്കെയോ ആണ്.


എവിടെക്കാ?


കണ്ടക്ടർ.


ആ.. ഞാൻ.


യാത്ര അവസാനിക്കും വരെ ഉള്ള

ഒരു ടിക്കറ്റ് കണ്ടക്ടർ എനിക്ക് തന്നു.


ജീവിതം ഇങ്ങനെ ആണ്.


നാളെ എന്റെ ശവം അടക്കിനായി

ഞാൻ പോകുമ്പോളും അപ്പുറവും

ഇപ്പുറവുമായി ആരൊക്കെയോ

സഞ്ചരിക്കുന്നുണ്ടാവും.


ബസ്സും യാത്രയും ജീവിതത്തിന്റെ

തന്നെ അടയാളം ആണ്.


ഓരോ ബസ് യാത്രയും ഓരോ

ഉല്ലാസയാത്ര ആണത്രേ.


ബസ്സിന്‌ പുറത്തു ഒരിളം കാറ്റ്‌.

മനസ്സിന്നകത്തു ഒരിളം ചിന്ത.

Saturday, 13 August 2022

ദൈവത്തിന്റെ ഭ്രാന്ത്

 ദൈവത്തിന്റെ പിരാന്ത്

=============================


എന്നേ ഏറെ തെറ്റിദ്ധരിക്കുന്നു -ദൈവം.


എനിക്ക് കണ്ണില്ല.

ഞാൻ ഒരു മതത്തിന്റെതാണ്.

ഞാൻ ഇല്ല പോലും.

ഞാൻ അസുഖത്തെ അറിയാത്തവൻ.

ഞാൻ പ്രകൃതി ദുരന്തങ്ങൾ-

ഉണ്ടാക്കുന്നവൻ.

ഞാൻ കുഞ്ഞിനെ വരെ മാരക-

രോഗിയാക്കുന്നവൻ.

ഞാൻ വംശ യുദ്ധങ്ങൾ ഉണ്ടാക്കുന്നവൻ.


എന്നേ ഏറെ തെറ്റിദ്ധരിക്കുന്നു-ദൈവം 


ഇല്ല..


എന്റെ കൺപൂട്ടലിൽ നീ -


ഞാൻ ദൈവത്തോട്...


ഞാൻ ഞാൻ ആയിരുന്നു.

ഇന്നലെ വരെ.


വെറുതെ അവൻ എന്നേ ഇന്നലെ

വണ്ടിയും കയറ്റി ക്രൂരമായി

കൊല്ലും വരെ...


നീ ആരാണ്?


ദൈവം.


ഞാൻ ഭൂമി എന്ന ഗ്രഹത്തിലെ

ഇന്ത്യ എന്ന രാജ്യത്തിലെ

കേരളം എന്ന സംസ്ഥാനത്തിലെ

പാലക്കാട്‌ എന്ന ജില്ലയിലെ

പട്ടാമ്പി എന്ന മുനിസിപ്പാലിറ്റിയിലെ

മലയാളത്തിൽ പ്രാർത്ഥിക്കുന്ന

ഒരു ഹിന്ദു നായർ ഭക്തൻ ആണ്.


നിന്നെ ഞാൻ അറിയില്ല.


നിന്റെ ഭാഷയും.


ദൈവം.


പക്ഷെ, ഞാൻ നിന്നെ അറിയുന്നു.


ദൈവത്തോട് ഞാൻ.


നിന്റെ തെറ്റിദ്ധാരണ എന്ന

ശരി ധാരണ അഥവാ ഞാൻ.


നായരിൽ ഞാൻ..


പറഞ്ഞു മുഴുമിക്കും മുമ്പേ 

..............................................

പെട്ടെന്ന് ദൈവം പുകയായി

മഞ്ഞായി കാറ്റായി മറഞ്ഞു..


ദൈവമേ നീ ഉണ്ടെങ്കിൽ?


നീ ഉണ്ടായിരുന്നെങ്കിൽ?


നീ ഇല്ലെങ്കിൽ?


 ഏതു മതത്തിനോടാണ്

കൂടുതൽ ചായ്വ് എന്നെങ്കിലും

നിനക്ക് പറയാമായിരുന്നു....


നിന്റെ ഓരോ കാര്യങ്ങള്.....


നീ എന്ന പിരാന്ത്........


നിന്റെ എന്റെ ഉള്ളിലെ പിരാന്ത്...


പിന്നെ എല്ലാരുടേം തലയിലെ നിലാ - പൊയ്കകൾ!


നീ എന്ന നേരം പോക്ക്...


നീ എന്ന ബ്രാൻഡ് നെയിം...


നിന്റെ തിരു വിളയാട്ടങ്ങൾ....


-----------------------------------


നീന്നെ അറിയാൻ

ഞാൻ നിന്റെ അന്ധ ആരാധകൻ ആകട്ടെ....


ഒന്നും വേണ്ടാത്ത

ഒന്നുമില്ലാത്ത

ഒരുത്തനും.


എന്റെ മാത്രം സ്വതന്ത്ര യാത്ര.


ദൈവമേ..........നീ..............

എന്ന മായാജാലം.?

ദ്രോഹിക്കാൻ വരുന്നവരോട്.

 ദ്രോഹിക്കാൻ വരുന്നവരോട്..


ദ്രോഹിക്കാൻ വരുന്നവരോട്,


കൊല്ലാനാണ് നിങ്ങൾ

 വരുന്നതെങ്കിൽ എന്നെ,

ഒറ്റ കുത്തിനോ, ഒരു നിറയാലോ

നിങ്ങൾ തീർക്കരുത്.


കാരണം, ഒരു സെക്കൻഡിലെ

മരണം

എനിക്ക് പെട്ടെന്ന് ഒരു സ്വർഗ്ഗം കാണിച്ചേക്കും.


മണിക്കൂറുകളോളം വേദനിപ്പിച്ചു

കൊല്ലാനാണ് നിങ്ങൾക്കിഷ്ടമെങ്കിൽ

അത് ഒരു രാത്രി ഒരു അടച്ച

മുറിയിൽ വച്ചു ആക്കിയേക്കുക.


പകൽ വെളിച്ചത്തിൽ ഒരു

പക്ഷെ, എന്റെ മാതാവ് എനിക്കായി

ഒരു പിടി അരി പാത്രത്തിലാക്കി 

എനിക്ക് ഭക്ഷണം പാകം ചെയ്യുന്നുണ്ടായേക്കും.


എന്റെ മകൾ ഞാൻ അവൾക്കായി

വാങ്ങിക്കൊണ്ട് ചെല്ലും എന്ന്

അവൾ കരുതുന്ന കുഞ്ഞുടുപ്പൊ

നാരങ്ങാമിട്ടായിയോ ഓർത്തു

കട്ടിലിൽ ചരിഞ്ഞു കിടക്കുന്നുണ്ടായിരിക്കും.


എന്റെ മകൻ എന്നെ ഓർത്തു

ഒരു നവോന്മേഷത്താൽ പഠിച്ചു

കൊണ്ടിരിക്കുന്നുണ്ടായേക്കും.


എന്റെ പിതാവ് അദ്ദേഹം കിടക്കുന്ന

കട്ടിലിലെ ഇളക്കം തീർക്കാൻ

എന്നെ കാത്തിരിക്കുന്നുണ്ടായേക്കും.


എന്റെ വളർത്തു മൃഗങ്ങൾ

ഞാൻ അവർക്കു കൊടുക്കുന്ന

ഭക്ഷണം ഓർത്തു തലകുലുക്കി

വാലാട്ടി കാത്തിരിക്കുന്നുണ്ടായേക്കും.

ചുറ്റിലെ കാറ്റും ഇലകളും പൂക്കളും

എന്നെ അശ്വസിപ്പിക്കുവാനാകാതെ

വേദനിക്കുണ്ടായേക്കും.


എന്റെ പത്രക്കാരനും പാൽക്കാരനും

പല ചരക്കു കടക്കാരനും ഞാൻ

അന്ന് അവർക്കു കൊടുക്കുന്ന

പൈസ വച്ചു ചില കണക്ക്‌ കൂട്ടലുകൾ

നടത്തിയിട്ടുണ്ടായിരിക്കും.


എന്നെ ദ്രോഹിക്കും മുമ്പേ ഞാൻ

ഒരു മനുഷ്യൻ ആണ് എന്നതോ നീ

ഒരു മനുഷ്യൻ ആണ് എന്നതോ

നീ മറന്നേക്കുക.

എന്നെ ഒരു മരക്കഷണം ആയോ

നിന്നെ ഒരു ജീവനോപാധി യന്ത്രം

ആയോ നീ എടുക്കുക.


നീ ഒരിക്കലും കാണാത്ത, അറിയാത്ത

ഒരു വ്യക്തിയായി നീ കാണുമ്പോൾ

നീ എന്നെ ദ്രോഹിച്ചു തുടങ്ങുക.


ദ്രോഹിക്കുമ്പോൾ എന്റെ കണ്ണീരോ

ചോരയോ കഫമോ വിസർജ്ജമോ

മണ്ണിൽ ഇറ്റാതിരിക്കാൻ

നീ ഒരു വലിയ ഒരു കുപ്പിയിൽ അവ

ശേഖരിക്കുക.

എന്റെ മാംസവും എല്ലും നീ ഒരു

വലിയ ചാക്കിൽ ആക്കുക.

എന്റെ ശബ്ദത്തെ നീ ഒട്ടിക്കുക.

എന്റെ ബാക്കി രൂപത്തെ നീ

ആകാശത്തിലും ഭൂമിയിലും

ഇടക്കും അല്ലാത്തിടത്തു വച്ചു

ഒഴിവാക്കി മാറുക.


എന്റെത് ഒരു വിശുദ്ധ പ്രതികാരം ആകും

എന്ന് നിനക്ക് അറിയാവുന്നത് കൊണ്ട്

എന്നെ ദ്രോഹിക്കുമ്പോൾ നീ എന്റെ

പുറകിൽ നിന്ന്, മുഖം മൂടി വന്നേക്കുക.


മുന്നിൽ നിന്നാണ് നീ വരുന്നതെങ്കിൽ

പതിവ് പോലെ എന്നോട് ഒന്ന്

വെളുക്കെ ചിരിച്ച് എനിക്ക് ഒരു

ഷേക്ഹാൻഡ് തന്നേക്കുക!


എന്നെ ദ്രോഹിക്കുന്നതിനു മുമ്പ്

നീ വിശന്നു ഇരിക്കുക ആണെങ്കിൽ

ദ്രോഹിക്കാൻ വന്നതാണെന്ന്

പറയ്യാതിരിക്കുക,

അല്ലെങ്കിൽ നിനക്കായി എന്റെ

ഭക്ഷണം പകുത്തു തരാൻ

എനിക്ക് കഴിയാതെ വന്നേക്കും.


നിന്റെ ദ്രോഹം എന്റെ ബൗദ്ധിക മണ്ടലത്തെ

തകർക്കാൻ ആണ് ലക്ഷ്യം

വാക്കുന്നതെങ്കിൽ അത്

പല തവണ തകർന്നിട്ടും

പതിൻ മടങ്ങു ശക്തിയാൽ

ഉയർത്തെഴുന്നേറ്റതാണെന്നു

നീ അറിയുക.

Tuesday, 9 August 2022

മഴപ്പിരാന്തൻ

 മഴപ്പിരാന്തൻ


ചെറു മഴ

ഒരു ചിന്ത ചാറൽ.

നറു മഴ സൗഹൃദം,

പ്രണയം.

പെരും മഴ കണ്ണീരുപ്പ് 

പെയ്ത മഴ നിന്നു.

നിന്ന മഴ പെയ്തു.

 മനസ്സിൽ മഴപ്പാട്ട് 

കടലിൽ താരാട്ട്.


മഴപ്പിരാന്ത്.

പ്രദീപന്റെ പുസ്തക അലമാര

 പ്രദീപന്റെ പുസ്തക അലമാര.

==================

വീട്ടിലെ ഭക്ഷണമുറിയുടെ

 ഒരോരത്താണ് പ്രദീപന്റെ

 പുസ്തകഅലമാര.


അലമാരയിൽ കവികളുടെയും കഥാകൃത്തുക്കളുടെയും

 നോവലിസ്റ്റുകളുടെയും

ലോകം.


തീൻ മേശയിൽ മീൻകറിയുടെയും

ചപ്പാത്തിയുടെയും

ഓട്സ്സിന്റെയും കഞ്ഞിയുടെയും

ഓംലെറ്റിന്റെയും

കട്ടൻ കാപ്പിയുടെയും ലോകം.


ചിക്കൻ ബിരിയാണിയുടെ അടുത്തു

അന്നം കഴിക്കാതെ വർഷങ്ങളോളം

നിരാഹാരം ഇരുന്നു

മോപ്പാസാങ്ങും

വീരൻ കുട്ടിയും.


പാത്തുമ്മാന്റെ ആടും

ലാഭകരാമായ രീതിയിൽ

എങ്ങനെ ആട്

വളർത്താം എന്ന പുസ്തകവും

തമ്മിൽ അടുത്തിരിക്കുന്നു.


എം ടി കഥകളും

ഗൗരിയും അകന്നിരിക്കുന്നു.


ചാറ്റർലിസ് ലൗവർ

 ആൽക്കെമിസ്റ്റ്.


മരണത്തിലേക്ക് അടുക്കുന്ന എന്തോ

ഒന്ന് മനുഷ്യ ശരീരത്തിൽ ഉണ്ട്,

അതിനെ ഇല്ലാതാക്കിയാൽ

മരണമില്ലെന്നു പറഞ്ഞ ഫ്രോയിഡ്

പുസ്തകം ശ്രീരാമ കൃഷ്ണ പരമ

ഹംസരുടെ മഹത് വചനങ്ങൾക്ക് താഴെ.


 വിജയനും സുഗത കുമാരിയും

ഒ എൻ വി യും വയലാറും 

രാമായണത്തോടും 

ബൈബിളിനോടും ഖുർ ആനോടും ചേർന്ന് 

അടുത്തടുത്തു ചരിഞ്ഞിരുന്നു

സൗഹാർദ്ദം കൈമാറുന്നു.


പുസ്തകം ഒരു കണ്ണാടി പോലെ ആണ്

അതിലേക്കു ഒരു കഴുത എത്തി നോക്കിയാൽ തിരിച്ചു ഒരപ്പോസ്തലൻ

എത്തി നോക്കുമെന്ന് നിങ്ങൾ കരുതരുത്

എന്ന മഹത് വചനം അലമാരക്ക്

മുകളിലായി ഒട്ടിയിട്ടുണ്ട്.


ദിവസവും ഒരു മണിക്കൂർ പുസ്തകം

വായിച്ചാൽ നിങ്ങൾക്ക് ഒരു

പ്രതികരിക്കുന്ന മനുഷ്യനാകാം എന്ന

എഴുത്ത് അലമാരക്ക് താഴെയും.


ഖലീൽ ജിബ്രാൾ പ്രണയത്തെ ദൈവമാക്കുമ്പോൾ 

ഡ്രാക്കുള്ള

 ചോരക്കായി അലയുന്നു.


ഒരു നിമിഷം തരൂ നിന്നെ അറിയാൻ..

ഒരു യുഗം തരൂ നിന്നിൽ അലിയാൻ

എന്നത് തിരിച്ചെഴുതിയ തമ്പിയെ

നോക്കി ഏകാന്തപഥികൻ ഞാൻ.


കാമ ശാസ്ത്രം ഹിമാവാന്റെ മടി തട്ടിൽ.


ഡക്കാമരൻ കഥകൾ ഭ്രാന്ത്


ആയിരത്തൊന്നു രാവുകൾ..

ഫ്രീഡം അറ്റ് മിഡ് നൈറ്റ്‌..


രോഗം തരാത്ത ഭക്ഷണം

നളിനി ജമീലക്കൊപ്പംl


ഇംഗ്ളീഷ് മലയാളം

തമിഴ് മലയാളം.

ബംഗാളി മലയാളം.


പുകയൂതി വി കെ എൻ


മഴ നനഞ്ഞു ക്‌ളാര.


ഒരു പക്ഷെ,

ചുള്ളിക്കാടിന്റെ

രക്തത്തിനും മാംസത്തിനും

ഗാന്ധിയുടെ ജീവിതാ(സത്യാ )ന്വേഷണ

പരീക്ഷണങ്ങൾക്കും

ഗോർക്കിയുടെ അമ്മയ്ക്കും

ഹെമിംഗ് വെ യുടെ മെൻ ക്യാൻനോട്ട്

ബി ഡെസ്‌ട്രെക്റ്റഡിനും

മാർക്സിന്റെ മൂലധനത്തിനും ഒപ്പം

പ്രദീപന്റെ രണ്ട് കവിതാ പുസ്തകവും

കൂടി ഇടം പിടിച്ച ലോകത്തിലെ

ഒരേ ഒരു പുസ്തക അലമാര

ആയേക്കും അത്.


ഭക്ഷണമുറിയുടെ അരികിലായി

അടുക്കളയിൽ നിന്നും

അരങ്ങേത്തേക്കു വരാതെ ഭാര്യ.


ഭാര്യയുടെ അരികിലായി നല്ല

ഭക്ഷണം എങ്ങനെ ഉണ്ടാക്കാം

എന്ന നെറ്റ് പുസ്തകം..


-. അലമാരക്ക് മുകളിൽ

ഒരിന്റെക്സ് പുസ്തകം.


അതിന്നരികെ ഒരു

 കയ്യെഴുത്തു

പുസ്തകമതിന്റെ അവസാനം

ആരോ പ്രദീപന്റെ പുസ്തകഅലമാര

എന്ന ശീർഷകത്തിൽ

എന്തോ കുത്തി കുറിച്ചിരിക്കുന്നു.

കൂ കൂ കൂ കൂ തീവണ്ടി

 കൂ കൂ കൂ കൂ തീവണ്ടി 

==================

വണ്ടി റെയിലിന്മേൽ

 ഒച്ച വച്ചു

പുറം കുലുക്കി അകമനക്കി

പായുമ്പോൾ, കുഞ്ഞ്

അന്തം വിട്ടു നോക്കി നിന്നു.


രണ്ടും കയ്യും നീട്ടി ടാറ്റ

കാട്ടിയ കുഞ്ഞിനെ

കാണാൻ സമയമില്ലാത്ത

യാത്രക്കാർ 


ഇന്നും വണ്ടി റയിലിന്മേൽ

 ഒച്ച വച്ചു

പുറം കുലുക്കി അകമനക്കി

പായുന്നുണ്ട്-


അതിന്നരികെ അതറിയാതെ

ഒരാൾ ഒരു ചാക്ക് പ്രാരാബ്ധവും

തലയിൽ വച്ചു അതിന്റെ

 സമാന്തരമായോ വിപരീതമായോ

സഞ്ചരിക്കുന്നു.


കു

ഞ്ഞ് വലുതായിരിക്കുന്നു.

കബീറും മീരയും

 കബീറും മീരയും.

==============

കബീറും മീരയും

 സഹപാഠികളാണ്.


കബീറും മീരയും

അയൽക്കാരുമാണ്.


കബീർ സുന്ദരനാണ്.

മീര സുന്ദരിയും.


കബീറും മീരയും

കണ്ടാൽ മിണ്ടാറില്ല.


കബീറും മീരയും

ഒരുമിച്ചു നടക്കാറില്ല.


കബീറും മീരയും

ഒരുമിച്ചിരിക്കാറില്ല


അവർ രണ്ട് ലിംഗക്കാർ ആണ്.

അവർ രണ്ട് മതക്കാർ ആണ്.


മീര അമ്പലത്തിൽ പോകുമ്പോൾ

കബീർ അഞ്ചു നേരം നിസ്കരിക്കുന്നു.


മീരയെ വിവാഹം ചെയ്തത്

ഒരു ബിസിനസ് കാരനാണ്.


കബീറിന്റെ ഭാര്യാ പിതാവ്

ഒരു സ്ഥിരം ഗൾഫ് കാരനും.


കബീറും മീരയും കാമുകീ

കാമുകന്മാർ ആണ്.


അതിർ വരമ്പുകൾ ഇല്ലാത്ത

ഉപാധി ഇല്ലാത്ത,

ശുദ്ധ പ്രണയവുമായി

അവർ എപ്പോളും

അകലങ്ങളിൽ

സന്തോഷത്തോടെ ജീവിക്കുന്നു.


അവരുടേതു ഒരു ഒളിച്ചു

വെച്ച പ്രണയം ആണ്.

വളർത്തു പക്ഷി

 വളർത്തു പക്ഷി

===============

വളർത്തു പക്ഷി

 ഉറക്കെ പാടുന്നില്ല.

ഇടക്ക് ചില

മൂളിപ്പാട്ടുകൾ മാത്രം.


വളർത്തു പക്ഷി

ഉറക്കെ സംസാരിക്കുന്നില്ല.

ഇടക്ക് ചില വാക്കുകൾ

 മാത്രം പറയുന്നു.


വളർത്തു പക്ഷി

പൊട്ടിച്ചിരിക്കുന്നില്ല.

ഇടക്ക് ഒരു ചെറു ചിരി മാത്രം.


വളർത്തു പക്ഷി താഴെ

ഭൂമിയുടെ പരപ്പിലേക്കോ

മുകളിലെ ആകാശ നിരപ്പിലേക്കോ

നോക്കുന്നില്ല.

കൂട്ടിലെ ചെറിയ സഞ്ചാരം മാത്രം.


വളർത്തു പക്ഷി കാഷ്ടത്തിനും

അന്നതിനും അരികെ കൂട്ടിൽ

കൊക്ക് താഴ്ത്തി കിടക്കുന്നു.


കൂട്ടിൽ വളർത്തു പക്ഷിയുടെ

ചിറകിന്റെ തൂവലുകൾ

വെള്ളം നനഞ്ഞു ചിതറി

കിടക്കുന്നു.


വളർത്തു പക്ഷിക്കു

മഴയില്ല.

വളർത്തു പക്ഷി തണുപ്പും

കാറ്റും ചൂടും അറിയാറില്ല.

വളർത്തു പക്ഷിയുടെ ജീവിതം

കാലാവസ്ഥക്ക് പുറത്താണ്.


വളർത്തു പക്ഷി ഇണയെ

ശ്രദ്ധിക്കാറില്ല.


വളർത്തു പക്ഷിയുടെ കൂട്

അടക്കാറില്ല.

കൂട് തുറന്നു വച്ചാലും പക്ഷി

പുറത്തേക്കു പറക്കാറില്ല.

വളർത്തു പക്ഷിക്കു സ്വാതന്ത്ര്യം

ഒരു ഭാവനയാണ്

അന്നന്നത്തെ അന്നമാണ്

പരമമായ സത്യം.


വളർത്തു പക്ഷി പുറമേക്ക്

കരയാറില്ല.

 വളർത്തു പക്ഷിക്കൂടുകൾ

കൊണ്ട് നിറഞ്ഞിരിക്കുകയാണ്

എന്റെ വീടും നാടും.


വളർത്തു പക്ഷിയുടെ കണ്ണുകൾ

മാത്രം എന്തൊക്കെയോ കഥകൾ

പറയുന്നുണ്ട്.

എന്നാൽ ഞാനതു

ശ്രദ്ധിക്കാറില്ല.


-എന്റെ കൂട് ഒരു പക്ഷെ,

കുറച്ചു കൂടി വലുതാണ്.


പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...