പ്രദീപന്റെ പുസ്തക അലമാര.
==================
വീട്ടിലെ ഭക്ഷണമുറിയുടെ
ഒരോരത്താണ് പ്രദീപന്റെ
പുസ്തകഅലമാര.
അലമാരയിൽ കവികളുടെയും കഥാകൃത്തുക്കളുടെയും
നോവലിസ്റ്റുകളുടെയും
ലോകം.
തീൻ മേശയിൽ മീൻകറിയുടെയും
ചപ്പാത്തിയുടെയും
ഓട്സ്സിന്റെയും കഞ്ഞിയുടെയും
ഓംലെറ്റിന്റെയും
കട്ടൻ കാപ്പിയുടെയും ലോകം.
ചിക്കൻ ബിരിയാണിയുടെ അടുത്തു
അന്നം കഴിക്കാതെ വർഷങ്ങളോളം
നിരാഹാരം ഇരുന്നു
മോപ്പാസാങ്ങും
വീരൻ കുട്ടിയും.
പാത്തുമ്മാന്റെ ആടും
ലാഭകരാമായ രീതിയിൽ
എങ്ങനെ ആട്
വളർത്താം എന്ന പുസ്തകവും
തമ്മിൽ അടുത്തിരിക്കുന്നു.
എം ടി കഥകളും
ഗൗരിയും അകന്നിരിക്കുന്നു.
ചാറ്റർലിസ് ലൗവർ
ആൽക്കെമിസ്റ്റ്.
മരണത്തിലേക്ക് അടുക്കുന്ന എന്തോ
ഒന്ന് മനുഷ്യ ശരീരത്തിൽ ഉണ്ട്,
അതിനെ ഇല്ലാതാക്കിയാൽ
മരണമില്ലെന്നു പറഞ്ഞ ഫ്രോയിഡ്
പുസ്തകം ശ്രീരാമ കൃഷ്ണ പരമ
ഹംസരുടെ മഹത് വചനങ്ങൾക്ക് താഴെ.
വിജയനും സുഗത കുമാരിയും
ഒ എൻ വി യും വയലാറും
രാമായണത്തോടും
ബൈബിളിനോടും ഖുർ ആനോടും ചേർന്ന്
അടുത്തടുത്തു ചരിഞ്ഞിരുന്നു
സൗഹാർദ്ദം കൈമാറുന്നു.
പുസ്തകം ഒരു കണ്ണാടി പോലെ ആണ്
അതിലേക്കു ഒരു കഴുത എത്തി നോക്കിയാൽ തിരിച്ചു ഒരപ്പോസ്തലൻ
എത്തി നോക്കുമെന്ന് നിങ്ങൾ കരുതരുത്
എന്ന മഹത് വചനം അലമാരക്ക്
മുകളിലായി ഒട്ടിയിട്ടുണ്ട്.
ദിവസവും ഒരു മണിക്കൂർ പുസ്തകം
വായിച്ചാൽ നിങ്ങൾക്ക് ഒരു
പ്രതികരിക്കുന്ന മനുഷ്യനാകാം എന്ന
എഴുത്ത് അലമാരക്ക് താഴെയും.
ഖലീൽ ജിബ്രാൾ പ്രണയത്തെ ദൈവമാക്കുമ്പോൾ
ഡ്രാക്കുള്ള
ചോരക്കായി അലയുന്നു.
ഒരു നിമിഷം തരൂ നിന്നെ അറിയാൻ..
ഒരു യുഗം തരൂ നിന്നിൽ അലിയാൻ
എന്നത് തിരിച്ചെഴുതിയ തമ്പിയെ
നോക്കി ഏകാന്തപഥികൻ ഞാൻ.
കാമ ശാസ്ത്രം ഹിമാവാന്റെ മടി തട്ടിൽ.
ഡക്കാമരൻ കഥകൾ ഭ്രാന്ത്
ആയിരത്തൊന്നു രാവുകൾ..
ഫ്രീഡം അറ്റ് മിഡ് നൈറ്റ്..
രോഗം തരാത്ത ഭക്ഷണം
നളിനി ജമീലക്കൊപ്പംl
ഇംഗ്ളീഷ് മലയാളം
തമിഴ് മലയാളം.
ബംഗാളി മലയാളം.
പുകയൂതി വി കെ എൻ
മഴ നനഞ്ഞു ക്‌ളാര.
ഒരു പക്ഷെ,
ചുള്ളിക്കാടിന്റെ
രക്തത്തിനും മാംസത്തിനും
ഗാന്ധിയുടെ ജീവിതാ(സത്യാ )ന്വേഷണ
പരീക്ഷണങ്ങൾക്കും
ഗോർക്കിയുടെ അമ്മയ്ക്കും
ഹെമിംഗ് വെ യുടെ മെൻ ക്യാൻനോട്ട്
ബി ഡെസ്‌ട്രെക്റ്റഡിനും
മാർക്സിന്റെ മൂലധനത്തിനും ഒപ്പം
പ്രദീപന്റെ രണ്ട് കവിതാ പുസ്തകവും
കൂടി ഇടം പിടിച്ച ലോകത്തിലെ
ഒരേ ഒരു പുസ്തക അലമാര
ആയേക്കും അത്.
ഭക്ഷണമുറിയുടെ അരികിലായി
അടുക്കളയിൽ നിന്നും
അരങ്ങേത്തേക്കു വരാതെ ഭാര്യ.
ഭാര്യയുടെ അരികിലായി നല്ല
ഭക്ഷണം എങ്ങനെ ഉണ്ടാക്കാം
എന്ന നെറ്റ് പുസ്തകം..
-. അലമാരക്ക് മുകളിൽ
ഒരിന്റെക്സ് പുസ്തകം.
അതിന്നരികെ ഒരു
കയ്യെഴുത്തു
പുസ്തകമതിന്റെ അവസാനം
ആരോ പ്രദീപന്റെ പുസ്തകഅലമാര
എന്ന ശീർഷകത്തിൽ
എന്തോ കുത്തി കുറിച്ചിരിക്കുന്നു.
No comments:
Post a Comment