ദിലീഷേട്ടന്റെ പുറം രാത്രികൾ
ഒരു രാത്രി നിലാവ് തിരഞ്ഞു
പോയ ദിലീഷേട്ടൻ
പിറ്റേന്ന് വന്നത്
പ്രഭാത വെട്ടത്തിലാണ്.
മറ്റൊരു രാത്രി ദിലീഷേട്ടൻ
പോയത് മാൻവേട്ടക്കാണ്.
ഓരിയിട്ട പട്ടിക്കൂട്ടങ്ങളെ ആട്ടാനാണ്
ഒരു രാത്രി ദിലീഷേട്ടൻ അപ്പുറത്തെ
വേലി ചാടി കടന്നത്.
ഒളിച്ചോടിയ ഒരു കോളേജ് കുമാരിയെ
തിരഞ്ഞു പോയ രാത്രി ദിലീഷേട്ടൻ
തിരിച്ചു വന്നത് അവളെ പകൽ
വെട്ടത്തിലെ വീണ്ടെടുക്കാൻ ആയുള്ളൂ
എന്ന വാർത്തയുമായാണ്.
സുഹൃത്തിന്റെ മൃത ശരീരം കാണാൻ
പോയി വന്ന രാത്രി ദിലീഷേട്ടന്റെ
കണ്ണ് ചുവന്നു വീങ്ങി കെട്ടിയിരുന്നു.
രാത്രി ഡ്യൂട്ടിക്ക് പോകുമ്പോൾ
ദിലീഷേട്ടൻ ഓഫീസിൽ തന്നെ
ഉറങ്ങുന്നു.
ദിലീഷേട്ടൻ പറയാതെ പുറത്തു പോയ
രാത്രി ദിലീഷേട്ടനെ അന്വേഷിച്ചിറങ്ങിയ
ഭാര്യ സുമതിയുടെ റൂമിലേക്ക് തന്നെ
കൃത്യമായി ദിലീഷേട്ടൻ വന്നെത്തിയത്
ഒരത്ഭുതം ആണ്.
പകലുകൾ കഴിഞ്ഞു രാത്രികൾ
ഉണ്ടാവുന്നത് ഒരനുഗ്രഹമാണ്.
ഞങ്ങളുടെ കണ്ണുകൾ ആകട്ടെ
ഇപ്പോൾ രാത്രിക്കാഴ്ച ഉള്ളവ
ആയി മാറിയിരിക്കുന്നു.
രാത്രികൾക്ക് അർത്ഥം ഉണ്ട്.
പകലിനെ പോലെ വെറുതേ
വന്നു മറയുന്നവ അല്ല അവ.
No comments:
Post a Comment