3 ചെറിയ കവിതകൾ
--------------------------------
വിശുദ്ധ ദിവസം
==================
എല്ലാ ഗർഭവും
വിശുദ്ധമാണ്.
എല്ലാ മാതാക്കളും
വിശുദ്ധരാണ്.
എല്ലാ ജനനാന്തരീക്ഷങ്ങളും
ജനനസ്ഥലവും സമയവും
വിശുദ്ധം.
എല്ലാ ജനനവും
വിശുദ്ധം
നക്ഷത്രം വഴി കാട്ടുന്നത്
ഒരു കുഞ്ഞിലേക്കാണ്.
വേദന തിന്നൽ
വിശുദ്ധി അടയൽ.
ഭൂമിയിൽ മനസ്സില്ലാത്തവർക്ക്
സമാധാനം.
-സന്മനസ്സുള്ളവർക്കും.
അവൻ- രക്ഷകൻ എന്നോ,
കാലിതൊഴുത്തിൽ ജനിച്ചു കഴിഞ്ഞു..
ഞങ്ങൾക്ക് പക്ഷെ,
വേണ്ടതു സ്വർഗ്ഗത്തിലേക്കുള്ള
വഴിയും
അവിടേയുള്ള സ്വർണ്ണ ദൈവത്തെയും
ആണ്.
ചിറകുകൾ
==================
അടുത്തു നീ ഉണ്ടായിരുന്നപ്പോൾ
ഞാൻ നിന്റെ ചിറകിന്നടിയിൽ
ആയിരുന്നു.
നീ അകന്നപ്പോൾ ഞാൻ
ആകാശത്തിന്റെ
ചിറകിന്നടിയിൽ ആയി.
ഇന്ന് നീ വളരുമ്പോൾ
ആകാശത്ത് നിന്നിറ്റും
ഒരു മഴത്തുള്ളിയുമായി
നിൻ പാദം പറ്റും മൺതരി.
നിൻടെ സന്തോഷത്തിന്നായി
ഒരു നീ അറിയാപ്രാർത്ഥന.
പ്രാർത്ഥന താണ്ടും
നിന്നോളം പോരാത്ത
വലിയ ഉയരങ്ങൾ.
കാടൻ
=============
കാട്ടിൽ വീടുണ്ടാക്കാൻ പോയ
ഒരാളെ അന്വേഷിച്ചാണ് അവർ
കാട്ടിനുള്ളിൽ എത്തിയത്.
മൂളും കാറ്റും മുളയും
മഴ നനയും കുയിലും കാക്കയും
പാറ്റയും പാമ്പും പുലിയുമൊത്തു
കാടായ കാട്ടിലെ പുഴയിലും
മരത്തിലും പൊത്തിലും
കൂട്ടിലും മണ്ണിലും ചെളിയിലും
തിരഞ്ഞലഞ്ഞെങ്കിലും അവർക്കു
അയാളെ കാണാൻ ആയില്ല.
അയാൾ കാടായി മാറിയിട്ടുണ്ടാകണം.
അവർ അയാളുടെ മരണം ഉറപ്പിച്ചു.
അയാൾ കാട്ടിൽ എത്തിയില്ല
എന്ന ഉടമ്പടി ഒപ്പുവച്ചു.
No comments:
Post a Comment