മൂന്ന്
ഒന്ന്
======
റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും
================================
എന്റെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ
പുഴയോരത്ത് അപ്പുറത്തും ഇപ്പുറത്തും അരികിലും ഒക്കെ ആയി തീയ്യകലത്തിൽ
ഒരു നാലഞ്ചു പ്രാവുകൾ
കുറുകി കുണുങ്ങി പാറിയും പറന്നും നടക്കുന്നുണ്ടാവും.
കത്തി ഒടുങ്ങും മുന്നേ എല്ലാവരും പോയിട്ടും അവ അവിടെ തന്നെ
എന്നേ അറിയാത്ത മട്ടിൽ ചുറ്റി കറങ്ങുന്നത്
എന്നോടുള്ള എന്ത് പ്രതീകാരം തീർക്കാൻ?
ഏറ്റവും അവസാനം ശമിക്കുന്ന ഒരു
വികാരമത്രെ പ്രതികാരം.
എന്റെ സ്വർഗ്ഗ വാതിലിനു മുന്നിൽ
ഒരു നാലോ അഞ്ചോ തന്തയെ അറിയാത്ത
മൂക്കൊലിപ്പൻ തെണ്ടി പിള്ളേർ നിന്ന്
ചിരിക്കുന്നത് എന്തിന്?
സ്വർഗ്ഗത്തിലേ ഏറ്റവും പ്രസക്തി കുറവുള്ള
വികാരം ആയ സ്നേഹം അവരുടെ കണ്ണുകളിൽ കോർത്തു പിടിപ്പിച്ചിരിക്കുന്നതു
എന്തിന്?
എന്തായാലും ഈ മരണവും സ്വർഗ്ഗവും
റൂമി പറഞ്ഞതോ എഴുതിയതോ അല്ല.
അത് ദൈവ ഭക്തി ഉള്ള ഒരു വേദനിക്കുന്നവന്റെ ഉള്ളിലെ
മങ്ങാത്ത മായാത്ത ദിവ്യ പ്രണയത്തിലെ
മരണ സ്വർഗ്ഗ അനുഭൂതികൾ.
എന്നാൽ എന്റേത് പ്രണയം ഇല്ലാത്ത
ഒരലിയൽ അത്രേ.
എന്റെ ഭക്തി എവിടെയോ വച്ചു
ഇല്ലാണ്ടായിരിക്കുന്നു.
എന്റെ വിശപ്പിനെ ആർക്കു പ്രണയം?
തീക്കും മണ്ണിനും നന്ദി.
രണ്ട്
=======
പൊള്ളം
===========
പൊള്ളച്ച ഒരു ഗർഭപാത്രത്തിൽ നിന്നു
ഒരു ചുവപ്പു പൊള്ളം പുറം ചാടി.
ആകാശത്തിലും മണ്ണിലും
മഴയിലും ചൂടിലും
ചാഞ്ഞും ചരിഞ്ഞും
നീങ്ങിയാ പൊള്ളം ഇന്നെവിടെ?
പൊള്ളം തിരഞ്ഞ ഞാൻ
വീർപ്പിനെയും കാണാനില്ല.
പൊള്ളങ്ങൾ ഒരിക്കലും പൊട്ടില്ല.
പൊട്ടാനുള്ള ആവത് അതിന്നില്ല.
പൊള്ളങ്ങൾ ലയിക്കുന്നു..
- പൊള്ളങ്ങൾ പെട്ടെന്ന് കാണാണ്ടാവുന്നു..
മൂന്ന്
========
വാലില്ലാത്ത എലി
=============
എലി കെണിക്കുള്ളിൽ
നാലുപാടും പായുന്നു.
ഒരു തുറന്ന വാതിൽ ഉണ്ടെന്ന
ചിന്ത അതിനെ നോക്കിയിടത്തു
തന്നെ വീണ്ടും വീണ്ടും
നോക്കിപ്പിക്കുന്നു.
ഉടനെ അതിനെ വെള്ളത്തിൽ
മുക്കിയോ അടിച്ചോ കൊല്ലും.
ഭാവിയോ ഭൂതമോ അതിനില്ല.
-വർത്തമാനത്തിലൂടെ അത്
പരക്കം പായുന്നു.
അപ്പക്കഷണം, തേങ്ങാപ്പൂള്
തുടങ്ങിയ പ്രതീക്ഷകൾ
അതിനെ ചലിപ്പിക്കുന്നു
ആവാസവ്യവസ്ഥയിലെ
ജീവിയുടെ ഒരു അവകാശവും
അതിനില്ല.
- അതിന്നു ചുറ്റും കുറെ
വാലില്ലാത്ത എലികൾ.
No comments:
Post a Comment